മാട്രിമോണിയൽ സൈറ്റിൽ പരിചയപ്പെട്ട യുവതിയുടെ ചതി; സോഫ്‌റ്റ്‌വെയർ എഞ്ചിനീയർക്ക് നഷ്ടമായത് ഒരു കോടി രൂപ

Advertisement

അഹമ്മദാബാദ്: മാട്രിമോണിയൽ സൈറ്റിൽ പരിചയപ്പെട്ട യുവതിയുടെ നിർദേശ പ്രകാരം ക്രിപ്റ്റോ കറൻസി നിക്ഷേപം നടത്തിയ സോഫ്റ്റ്വെയർ എഞ്ചിനീയർക്ക് ഒരു മാസത്തിനിടെ നഷ്ടമായത് ഒരു കോടി രൂപ. ഗാന്ധിനഗറിൽ ജോലി ചെയ്യുന്ന കുൽദീപ് പട്ടേൽ എന്ന യുവാവിനാണ് പണം നഷ്ടമായത്. കുൽദീപിൻറെ പരാതി പ്രകാരം സൈബർ ക്രൈം പൊലീസ് കേസെടുത്തു.

ജൂണിലാണ് മാട്രിമോണിയൽ സൈറ്റിൽ അദിതി എന്ന യുവതിയെ കണ്ടുമുട്ടിയതെന്ന് കുൽദീപ് പരാതിയിൽ പറയുന്നു. തനിക്ക് യുകെയിൽ കയറ്റുമതി – ഇറക്കുമതി ബിസിനസ് ആണെന്നാണ് യുവതി പറഞ്ഞത്. ബനോകോയിനിൽ നിക്ഷേപം നടത്താൻ അദിതി തന്നോട് ആവശ്യപ്പെട്ടെന്ന് കുൽദീപ് പറയുന്നു. അദിതി പറഞ്ഞതു പ്രകാരം കസ്റ്റമർ കെയർ പ്രതിനിധി എന്ന് പരിചയപ്പെടുത്തിയ ആളോട് സംസാരിച്ചു.

നല്ല ലാഭം ലഭിക്കുമെന്ന് കരുതിയാണ് പണം നിക്ഷേപിച്ചതെന്ന് കുൽദീപ് പറഞ്ഞു. ആദ്യം നിക്ഷേപിച്ച ഒരു ലക്ഷത്തിന് ലാഭം കാണിച്ചു. ഇതോടെ കൂടുതൽ പണം നിക്ഷേപിച്ചു. 18 ഇടപാടുകളിലായി 1.34 കോടി രൂപയാണ് നിക്ഷേപിച്ചത്. ജൂലൈ 20നും ഓഗസ്റ്റ് 31നും ഇടയിലാണ് എല്ലാ ഇടപാടുകളും നടന്നത്. സെപ്തംബർ മൂന്നിന് അക്കൗണ്ടിൽ നിന്ന് 2.59 ലക്ഷം രൂപ പിൻവലിക്കാൻ ശ്രമിച്ചപ്പോൾ അക്കൗണ്ട് മരവിപ്പിച്ചതായി അറിയിപ്പ് ലഭിച്ചെന്ന് യുവാവ് പറഞ്ഞു.

തുടർന്ന് നേരത്തെ സംസാരിച്ച കസ്റ്റമർ കെയർ പ്രതിനിധിയെ വിളിച്ചു. അക്കൗണ്ട് തിരിച്ചുകിട്ടാൻ 35 ലക്ഷം രൂപ കൂടി നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. അദിതിയെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ സാധിച്ചില്ല. ഇതോടെയാണ് താൻ തട്ടിപ്പിനിരയായതായി മനസിലായതെന്ന് കുൽദീപ് പട്ടേൽ പറഞ്ഞു.

ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകാരുടെ വലയിൽ വീഴാതിരിക്കാൻ അതീവ ജാഗ്രത കാണിക്കണമെന്ന് വിദഗ്ധർ പറയുന്നു. അപരിചിതർ പണം നിക്ഷേപിക്കാനുള്ള നിർദേശം വെയ്ക്കുമ്പോൾ കണ്ണുംപൂട്ടി വിശ്വസിക്കരുത്. ആ മേഖലയിൽ പ്രവർത്തിക്കുന്നവരെ നേരിട്ട് കണ്ട് ഉപദേശം തേടണം. അപരിചിതർ കസ്റ്റമർ കെയർ നമ്പർ എന്നു പറഞ്ഞ് നൽകുന്ന നമ്പറിലേക്ക് വിളിച്ച് അവർ പറയുന്നത് വിശ്വസിച്ച് ഒരിക്കലും നിക്ഷേപം നടത്തരുത്.

Advertisement