എ.ആര്‍. റഹ്മാന്റെ സംഗീത നിശയില്‍ ലൈംഗിക അതിക്രമങ്ങള്‍ ഉണ്ടായെന്നും പരാതി; സുരക്ഷാ വീഴ്ചയില്‍ ഉന്നതതല അന്വേഷണം

Advertisement

കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വിവാദമായ എ.ആര്‍. റഹ്മാന്റെ സംഗീത നിശയിലെ സുരക്ഷാ വീഴ്ചയില്‍ ഉന്നതതല അന്വേഷണം. ഒരു സ്വകാര്യ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 10ന് ചെന്നൈ പണിയൂരിലെ ആദിത്യാരം പാലസിലാണ് വിവാദമായ പരിപാടി നടന്നത്. 50,000 രൂപയുടെ വിഐപി ടിക്കറ്റ് എടുത്തവര്‍ക്ക് പോലും സദസ്സിലേക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല.
തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ കുഴഞ്ഞ് വീഴുകയും പ്രദേശത്ത് വന്‍ ഗതാഗതകുരുക്ക് അനുഭവപ്പെടുകയും ചെയ്തു. ഷോ കാണാനെത്തിയ നിരവധിപേരാണ് ദുരിതത്തിലായത്. ഷോ കാണാനെത്തിയ സ്ത്രീകള്‍ക്കെതിരെ ലൈംഗിക അതിക്രമങ്ങള്‍ ഉണ്ടായെന്നും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
ഇരുപതിനായിരം ആളുകള്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള സ്ഥലത്ത് നടത്തിയ പരിപാടിയില്‍ അമ്പതിനായിരത്തിലധികം ടിക്കറ്റുകള്‍ വിതരണം ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കിയത്. പാര്‍ക്കിംഗ് സൗകര്യങ്ങളും ഒരുക്കിയിരുന്നില്ല. രണ്ടും മൂന്നും കിലോമീറ്റര്‍ അകലെയാണ് പലരും വാഹനം പാര്‍ക്ക് ചെയ്തത്. വിഷയം വന്‍ വിവാദമായതോടെ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നതായി റഹ്മാന്‍ പ്രതികരിച്ചു.

Advertisement