ബിരിയാണിക്ക് കൂടുതൽ തൈര് ചോദിച്ചു, ഹോട്ടൽ ജീവനക്കാർ യുവാവിനെ തല്ലിക്കൊന്നു

Advertisement

ഹൈദരാബാദ്: ബിരിയാണിക്കൊപ്പം കഴിക്കാൻ കൂടുതൽ തൈര് ചോദിച്ചതിന് ഹോട്ടലിൽ കൂട്ടത്തല്ല്. തൈര് ആവശ്യപ്പെട്ടയാളെ ഹോട്ടൽ ജീവനക്കാർ അടിച്ചുകൊന്നു.

കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് അതിക്രൂരമായ സംഭവം നടന്നത്. മൂന്ന് സുഹൃത്തുക്കൾക്കൊപ്പം രാത്രി ഭക്ഷണം കഴിക്കാനായി പഞ്ചഗുട്ടയിലെ ഒരു ഹോട്ടലിലേക്ക് എത്തിയതായിരുന്നു യുവാവ്. ബിരിയാണി കഴിക്കുന്നതിനിടെ ജീവനക്കാരനോട് യുവാവ് കൂടുതൽ തൈര് ചോദിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

യുവാവ് ബിരിയാണി കഴിക്കാനായി കൂടുതൽ തൈര് ചോദിച്ചതോടെ ജീവനക്കാരനുമായി രൂക്ഷമായി തർക്കം ഉടലെടുക്കുകയും ഇതോടെ ജീവനക്കാരൻ ഇയാളെ അതിക്രൂരമായി മർദിക്കുകയുമായിരുന്നു. യുവാവിന് മർദ്ദനമേറ്റത് കണ്ട് സുഹൃത്തുക്കൾ തടയാനെത്തി. വാക്കേറ്റം രൂക്ഷമായതോടെ മറ്റ് ജീവനക്കാരുമെത്തി. തുടർന്ന് ഇരു സംഘവും പരസ്പരം ഏറ്റുമുട്ടി. വിവരമറിഞ്ഞ് പൊലീസ് സംഭവ സ്ഥലത്തെത്തുകയും ഇരു സംഘത്തെയും പഞ്ചഗുട്ട സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.

പൊലീസ് സ്റ്റേഷനിലെത്തിയ ശേഷം യുവാവ് ഛർദിക്കാൻ തുടങ്ങി. പിന്നാലെ കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ശരീരത്തിന് പുറത്ത് ഗുരുതരമായ പരുക്കുകളൊന്നും ഇല്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കൂവെന്നാണ് പൊലീസ് പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.