ഒടുവിൽ ഇന്ത്യ ‘വിട്ട്’ ജസ്റ്റിൻ ട്രൂഡോ; വിമാനത്തിന്റെ സാങ്കേതിക തകരാർ പരിഹരിച്ചു

Advertisement

ന്യൂഡൽഹി: ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ 48 മണിക്കൂറുകൾക്ക് ശേഷം നാട്ടിലേക്കുമടങ്ങി. ട്രൂഡോയുടെ ആദ്യ വിമാനം ശരിയാക്കിയതായും അദ്ദേഹം നാട്ടിലേക്കുള്ള യാത്രയിലാണെന്നും ട്രൂഡോയുടെ ഓഫിസ് അറിയിച്ചു.

‘വിമാനത്തിന്റെ സാങ്കേതിക തകരാർ പരിഹരിച്ചു. വിമാനത്തിന് പറക്കാൻ അനുമതി ലഭിച്ചു’’– ട്രൂഡോയുടെ ഓഫിസിന്റെ പ്രസ്താവനയിൽ പറയുന്നു. കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് ട്രൂഡോയെ യാത്രയാക്കിയത്. ഇതിന്റെ ചിത്രം അദ്ദേഹം എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്തു.

ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനായി വെള്ളിയാഴ്ച ഇന്ത്യയിലെത്തിയ ജസ്റ്റിൻ ട്രൂഡോ ഞായറാഴ്ച രാത്രി എട്ടുമണിക്കുള്ള വിമാനത്തിലാണു മടങ്ങേണ്ടിയിരുന്നത്. ആ വിമാനത്തിനു സാങ്കേതിക തകരാറുണ്ടായതിനെ തുടർന്ന് യാത്ര മാറ്റിവയ്ക്കുകയായിരുന്നു. അദ്ദേഹത്തെ കൊണ്ടുപോകാനായി ഇന്ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ഇറങ്ങേണ്ടതായിരുന്ന മറ്റൊരു വിമാനം ലണ്ടനിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു. ഇന്ത്യയിലേക്കുള്ള യാത്രാമധ്യേ റോമിലൂടെ ആദ്യം റൂട്ട് ചെയ്ത വിമാനം പിന്നീട് ലണ്ടനിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. ഈ വിമാനം വഴിതിരിച്ചുവിട്ടതിന്റെ കാരണം വ്യക്തമല്ല. ഇതേത്തുടർന്ന് വീണ്ടും യാത്ര മുടങ്ങുകയായിരുന്നു.

കാനഡയിലെ ഇന്ത്യ വിരുദ്ധ നീക്കം തടയുന്നതിലെ അലംഭാവത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയോട് ശക്തമായ ഭാഷയിൽ പ്രതികരിച്ചതു ചർച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് വിമാനം തകരാറിലായി ട്രൂഡോയ്ക്ക് ഇന്ത്യയിൽ തന്നെ തുടരേണ്ടിവന്നത്. ഇരുരാജ്യങ്ങളും തമ്മിൽ സുഗമമായ ബന്ധം നിലനിൽക്കണമെങ്കിൽ വിഘടനവാദികൾക്കെതിരെ നടപടിയുണ്ടാകണമെന്ന് മോദി ചൂണ്ടിക്കാട്ടി. എന്നാൽ, കാനഡയുടെ വിഷയത്തിൽ ‘പുറത്തു നിന്നുള്ള ഇടപെടൽ’ അനുവദിക്കില്ലെന്ന് ട്രൂഡോ പറഞ്ഞതായാണ് വിവരം. അതിനു ശേഷം നടന്ന വാർത്താ സമ്മേളനത്തിലും കാനഡയിൽ അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നാണ് ട്രൂഡോ പറഞ്ഞത്.

പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ബന്ധം പോലെ വഷളായ അവസ്ഥയിലാണ് ഇന്ത്യ-കാനഡ ബന്ധമെന്നാണ് സൂചന. ഇന്ത്യയിൽ നിന്ന് അനേകം വിദ്യാർഥികളും മറ്റും കാനഡയിലെത്തുന്ന സമയത്താണ് ബന്ധം മോശമായത്. ജനാധിപത്യത്തിലും പരസ്പര വിശ്വാസത്തിലും അധിഷ്ഠിതമായ ബന്ധം നിലനിർത്താനുള്ള നടപടി കാനഡ സ്വീകരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്.

കാനഡയിൽ കഴിഞ്ഞ ദിവസം ഖലിസ്ഥാൻ സംഘടന ഇന്ത്യ വിരുദ്ധ ഹിതപരിശോധന നടത്തിയിരുന്നു. ഞായറാഴ്ച മോദി-ട്രൂഡോ ചർച്ച നടന്നതിനു പിന്നാലെയാണ് ബ്രിട്ടിഷ് കൊളംബിയയിലെ സറേയിൽ സിഖ്‌സ് ഫോർ ജസ്റ്റിസ് എന്ന സംഘടന ഹിതപരിശോധന നടത്തിയത്. ഈ പരിപാടിയിൽ അവരുടെ നേതാവ് ഗുർപട്വന്ത് സിങ് പന്നുൻ ഇന്ത്യയ്‌ക്കെതിരെ വിദ്വേഷ പരാമർശങ്ങൾ നടത്തുകയും ചെയ്തു. ഖലിസ്ഥാൻ അനുകൂലികളോട് ട്രൂഡോ ഭരണകൂടം അനുഭാവം പുലർത്തുന്നതായാണ് ആക്ഷേപം. അടുത്ത കാലത്ത് ഇന്ത്യയുമായുള്ള വ്യാപാര പദ്ധതികൾ ട്രൂഡോ ഏകപക്ഷീയമായി മരവിപ്പിക്കുകയും ചെയ്തു. ജി20 സമ്മേളനത്തിനെത്തിയ ട്രൂഡോയെ അവഗണിക്കുന്ന സമീപനം ഇന്ത്യയുടെയും അംഗരാജ്യങ്ങളുടെയും ഭാഗത്തു നിന്നുണ്ടായി എന്നു സമൂഹമാധ്യമങ്ങളിൽ ചർച്ചയുണ്ടായിരുന്നു. ഈ സമ്മേളനത്തിൽ ഇന്ത്യയുമായല്ലാതെ മറ്റു രാജ്യത്തലവന്മാരുമായി ട്രൂഡോയുടെ ഉഭയകക്ഷി ചർച്ചകളുണ്ടായിരുന്നില്ല. മോദിയുമായുള്ള ചർച്ച തന്നെ ഏറ്റവും അവസാനമാണു നടന്നത്.