ഡീസൽ കാറുകളുടെ നിർമാണം അവസാനിപ്പിക്കുന്നത് ആലോചിക്കണം: നിതിൻ ഗഡ്ക്കരി

Advertisement

ന്യൂഡൽഹി: വാഹന നിർമാതാക്കൾ ഡീസൽ കാറുകളുടേയും എസ്‍യുവികളുടേയും നിർമാണം അവസാനിപ്പിക്കുന്നതിനെപ്പറ്റി ആലോചിക്കണമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്ക്കരി. സിയാമിന്റെ (സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടമൊബൈൽ മാന്യുഫാക്ചറേഴ്സ്) 63–മത് വാർഷിക കൺവെൻഷനിലാണ് നിതിൻ ഗഡ്ക്കരി വാഹന നിർമാതാക്കളോട് ഈ കാര്യം ആവശ്യപ്പെട്ടത്.

മലിനീകരണം കൂടുതലുള്ള ഡീസൽ വാഹനങ്ങൾ മാത്രമല്ല പെട്രോൾ വാഹനങ്ങളുടേയും നിർമാണം കുറച്ച് അതിവേഗം കാർബൺ ന്യൂട്രൽ വാഹനങ്ങളിലേക്ക് മാറുന്നതിനെപ്പറ്റി നിർമാതാക്കൾ ആലോചിക്കണമെന്നും നിതിൻ ഗഡ്കരി പറഞ്ഞു. ഡീസൽ വാഹനങ്ങൾക്ക് 10 ശതമാനം അധിക നികുതി ഏർപ്പെടുത്തുന്നത്തിനുള്ള ശുപാർശ ചെയ്യുമെന്നും കൺവെൻഷനിൽ മന്ത്രി പറഞ്ഞിരുന്നു.

എന്നാൽ ഡീസൽ എൻജിനിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് 10% അധിക നികുതി ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നുവെന്ന വാർത്തകൾ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നിഷേധിച്ചു. ഇങ്ങനെയൊരു നീക്കം സർക്കാരിന്റെ പരിഗണനയിൽ ഇപ്പോഴില്ലെന്ന് മന്ത്രി വ്യക്തമാക്കി. എക്സ് പ്ലാറ്റ്ഫോമിലെഴുതിയ കുറിപ്പിലൂടെയായിരുന്നു ഗഡ്കരിയുടെ വിശദീകരണം.

‘‘2070ൽ കാർബണ്‌ നെറ്റ് സീറോ ലക്ഷ്യം നേടുന്നതിന്റെ ഭാഗമായി ഡീസൽ പോലുള്ള അപകടകരമായ ഇന്ധനത്തിന്റെ ഉപയോഗം മൂലമുണ്ടാകുന്ന വായു മലിനീകരണത്തോത് കുറയ്ക്കേണ്ടതുണ്ട്. വാഹനവിൽപനയിൽ ഉണ്ടാകുന്ന വളർച്ചയ്ക്കൊപ്പം ശുദ്ധ, ഹരിത ഇന്ധനമെന്ന ഇതരമാർഗം സ്വീകരിക്കുകയും വേണം. ഇത്തരം ഇന്ധനം ചെലവുകുറഞ്ഞ, തദ്ദേശീയമായ, മലിനീകരണമില്ലാത്തവയായി മാറണം’’ – ഗഡ്കരി കുറിച്ചു.

Advertisement