ലേശം മദ്യം അകത്ത് ചെന്നാൽ പിന്നെ ചിലർ ഒപ്പിക്കുന്ന പൊല്ലാപ്പ് ചില്ലറയല്ല. കൂട്ടത്തിലിരുന്നുള്ള മദ്യപിക്കലുകളിൽ ഇത്തരക്കാരുടെ വെറുപ്പിക്കൽ കാരണം പലരും സഹികെട്ട് പോകാറുണ്ട്. ചിലരാകട്ടെ വണ്ടി കൂടി കൈയ്യിൽ കിട്ടിയാൽ പിന്നെ റോഡിലാകും കുടിച്ച മദ്യത്തിൻറെ പവറ് കാട്ടൽ. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മദ്യ ലഹരിയിൽ നാഷണൽ ഹൈവേയിലെ വൺവേയിൽ അതിവേഗത്തിൽ പാഞ്ഞ് അപകടമുണ്ടാക്കുന്നതിൻറെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രവരിക്കുന്നത്. സംഭവം നടന്നത് ഭൂവനേശ്വറിലാണ്. മദ്യ ലഹരിയിൽ ദമ്പതികൾ ദേശീയപാതയിലെ റോംഗ് സൈഡിൽ സ്കൂട്ടറോടിച്ചാണ് പൊല്ലാപ്പുണ്ടാക്കിയത്.
ഭുവനേശ്വറിലെ സി ആർ പി സ്‌ക്വയറിൽ നിന്ന് തമണ്ട സ്‌ക്വയറിലേക്കുള്ള റോഡിന്റെ എതിർവശത്തുകൂടിയാണ് ദമ്പതികൾ അതിവേഗത്തിൽ വാഹനമോടിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ പറയുന്നു. ദേശീയ പാതയിൽ ചീറിപ്പായുന്ന വാഹനങ്ങളുടെ എതിർദിശയിലായി അതിലും വേഗതയിലാണ് ഇവർ പാഞ്ഞതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഒടുവിൽ ദമ്പതികൾ അതിവേഗത്തിൽ ഓടിച്ച സ്കൂട്ടർ ഒരു ട്രക്കിന് മുന്നിൽ പെടുകയായിരുന്നു. അതിവേഗത്തിൽ വന്ന ട്രെക്ക് കണ്ട് ഇവർ വാഹനം നിർത്തി. ട്രക്ക് ഡ്രൈവറും സമയോചിതമായി ബ്രേക്ക് പിടിച്ചതോടെ വലിയ ദുരന്തം ഒഴിവായെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ദമ്പതികൾ അമിതമായി മദ്യപിച്ചിരുന്നതായാണ് ദൃക്സാക്ഷികൾ പറഞ്ഞതെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേസമയം വീഡിയോ പങ്കുവച്ച് പലരും ചോദ്യങ്ങളുമായി സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിട്ടുണ്ട്. അടിച്ചാൽ വയറ്റിൽ കിടക്കണമെന്നും അല്ലാതെ റോഡിലിറങ്ങി മറ്റുള്ളവർക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുകയല്ല വേണ്ടതെന്നമുള്ള നിലയിലുള്ള അഭിപ്രായമാണ് ഏവരും പങ്കുവയ്ക്കുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ദേശീയപാതയിലെ ജനങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ചോദ്യങ്ങളും നിരവധി പേർ ഉയർത്തിയിട്ടുണ്ട്. നാഷണൽ ഹൈവേ പൊലീസ് പട്രോളിംഗിലെ ആശങ്കയാണ് പലരും പങ്കുവയ്ക്കുന്നത്.