മുംബൈ: മുംബൈ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ ചെറുവിമാനം തെന്നിമാറി തകർന്നു. വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. സംഭവത്തിൽ ആളപായമില്ല. വിശാഖപട്ടണത്തുനിന്നും മുംബൈയിലേക്കെത്തിയ സ്വകാര്യ കമ്പനിയുടെ വിമാനമാണ് അപകടത്തിൽപ്പെട്ടത്.
രണ്ട് ജീവനക്കാരും ആറ് യാത്രക്കാരുമുൾപ്പെടെ എട്ടുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിൽ പരുക്കേറ്റ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനത്ത മഴയ്‌ക്കിടെ വിമാനം ഇറങ്ങവേ കാഴ്ച മറഞ്ഞാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിരക്ഷാസേന ഉടൻ സമയോചിതമായി രക്ഷാപ്രവർത്തനം നടത്തി തീപിടിക്കാനുള്ള സാഹചര്യം ഒഴിവാക്കുകയായിരുന്നു.
വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലായി. എന്നാൽ അപകടത്തെ തുടർന്ന് റൺവേ അടച്ചതിനാൽ അഞ്ച് വിമാനങ്ങൾ വഴി തിരിച്ചുവിട്ടതായി വിസ്താര എയർലൈൻസ് അറിയിച്ചു. വാരണാസി–മുംബൈ, ബാങ്കോക്ക്–മുംബൈ എന്നീ വിമാനങ്ങൾ ഹൈദരാബാദിലേക്കും ഡൽഹി–മുംബൈ, കൊച്ചി–മുംബൈ, ഡെറാഡുൺ–മുംബൈ വിമാനങ്ങൾ ഗോവയിലെ മൊപ്പ വിമാനത്താവളത്തിലേക്കുമാണ് വഴിതിരിച്ചുവിട്ടത്