പാറ്റ്ന: സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാനായി തെരുവിൽ ഭിക്ഷ എടുത്ത് വയോധികൻ, വിവിധ ആവശ്യങ്ങളിൽ ഉദ്യോഗസ്ഥർ വേഗത്തിൽ നടപടി എടുക്കുന്നതിനായാണ് താൻ കൈക്കൂലി നൽകാൻ തീരുമാനിച്ചതെന്നാണ് ഇദ്ദേഹം പറയുന്നത്.
എന്നാൽ, കൈക്കൂലി നൽകാൻ കൈയിൽ ആവശ്യത്തിന് പണമില്ലാത്തതിനാൽ അത് ഭിക്ഷയെടുത്ത് സമ്പാദിക്കാൻ തീരുമാനിക്കുകയായിരുന്നു വെന്നും ബീഹാർ സ്വദേശിയായ ഈ വയോധികൻ പറയുന്നു. റിട്ടയേർഡ് ഉദ്യോഗസ്ഥനായ ആയ മോഹൻ പാസ്വാനാണ് ഇത്തരത്തിൽ ഒരു പ്രവർത്തിയിലൂടെ ഇപ്പോൾ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. ഇദ്ദേഹത്തോടൊപ്പം ഏതാനും ചില വയോധികർ കൂടി സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുക്കുന്നതിനുള്ള ഭിക്ഷ യാചിക്കലിൽ പങ്കാളികളായിട്ടുണ്ടെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.
നിലവിൽ ബെഗുസരായ് ജില്ലാ ആസ്ഥാനത്ത് ജില്ലാ പരിഷത്ത് മാർക്കറ്റിന് സമീപത്താണ് മോഹൻ പാസ്വാൻ ഭിക്ഷാടനം നടത്തുന്നത്. പ്രാദേശിക മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒരു സർക്കാർ ഉദ്യോഗസ്ഥന് കൈക്കൂലിയായി നൽകാൻ രണ്ട് ലക്ഷം രൂപ സമ്പാദിക്കുന്നതിന് വേണ്ടിയാണ് താൻ ഭിക്ഷാടനം നടത്തുന്നത് എന്നതെന്നായിരുന്നു അദ്ദേഹത്തിൻറെ വാക്കുകൾ. ജില്ലാ പരിഷത്ത് ജീവനക്കാരും നിരവധി സർക്കാർ ഉദ്യോഗസ്ഥരും തന്നെപ്പോലുള്ള നിർധനരായ വയോധികരുടെ കൈയിൽ നിന്നും പണം വാങ്ങിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. സർക്കാർ ഉദ്യോഗസ്ഥർ തന്നോട് കൈക്കൂലി ആവശ്യപ്പെട്ട തെളിവുകളും അദ്ദേഹം സൂക്ഷിച്ചിട്ടുണ്ട്.
വിവിധ മാധ്യമങ്ങളിൽ കൈക്കൂലി നൽകാനായുള്ള ഈ ഭിക്ഷാടനം വാർത്തയായതോടെ സാമൂഹിക മാധ്യമങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥൻമാർക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. പാവങ്ങളെ ചൂഷണം ചെയ്യുന്ന കൈക്കൂലി പ്രിയരായ സർക്കാർ ജീവനക്കാരെ യാതൊരുവിധ കരുണയും കൂടാതെ അവരുടെ ജോലിയിൽ നിന്നും പിരിച്ചു വിടണമെന്നാണ് മിക്കയാളുകളും പ്രതികരിച്ചത്. ഏതായാലും മോഹൻ പാസ്വാൻറെ ഈ വേറിട്ട പ്രവർത്തി നിരവധി ആളുകളുടെ ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു.