ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം പാക് വ്യോമമേഖലയിൽ പ്രവേശിച്ചു

Advertisement

ന്യൂഡൽഹി: ലണ്ടലിനേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ബോയിങ് 787-8 പാകിസ്ഥാൻ വ്യോമമേഖലയിൽ പ്രവേശിച്ചതിന് പിന്നാലെ തിരിച്ച് ഡൽഹിയിലേക്ക് തന്നെ പറന്നു. വ്യാഴാഴ്ച രാവിലെ 7.15ന് ദില്ലിയിലെ ഇന്ദിര​ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് പുറപ്പെട്ട വിമാനമാണ് സാങ്കേതിക പ്രശ്നത്തെ തുടർന്ന് പാകിസ്ഥാൻ മേഖലയിൽ പ്രവേശിച്ചത്.

എന്നാൽ, 30 മിനിറ്റിനുള്ളിൽ വിമാനം തിരികെ ഡൽഹി വിമാനത്താവളത്തിലെത്തി. പാകിസ്ഥാൻ വ്യോമമേഖലയിൽ 36000 അടി ഉയരത്തിലായിരുന്നു വിമാനം പറന്നത്. ചില സാങ്കേതിക കാരണങ്ങളാൽ വിമാനം തിരികെ ഡൽഹിയിലേക്ക് തിരിക്കുകയാണെന്നും പൈലറ്റ് അറിയിച്ചതായി യാത്രക്കാരൻ പറഞ്ഞു. ടൈംസ് നൗ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

യൂ ടേൺ എടുത്ത വിമാനം 9.30ഓടെ ഡൽഹി വിമാനത്താവളത്തിലെത്തി. പൈലറ്റിന്റെ അലംഭാവം മൂലം യാത്രക്കാർക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നെന്ന് ആരോപണമുയർന്നു. യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടിൽ എയർ ഇന്ത്യ ക്ഷമാപണം നടത്തി. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് എത്രയും വേ​ഗത്തിൽ വിമാനം സർവീസ് നടത്താൻ ആവശ്യമായ നടപടികൾ സ്വീകരിച്ചെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു.

Advertisement