വായ്പ തരാം, വനിതാ ഗ്രൂപ്പിലെ അംഗങ്ങളെ പറഞ്ഞ് വിശ്വസിപ്പിച്ചു; 24 പേരിൽ നിന്ന് പണം തട്ടി, യുവാവ് പിടിയിൽ

Advertisement

ആലപ്പുഴ: വായ്പ നൽകാമെന്ന് വിശ്വസിപ്പിച്ച് വനിതാ ഗ്രൂപ്പുകളിൽ നിന്ന് പണം തട്ടിയ തമിഴ്നാട് സ്വദേശി പിടിയിൽ. തിരുനെൽവേലി നങ്ങുനേരി നാരായണസ്വാമി കേവിൽ സ്ട്രീറ്റ് സ്വദേശി യോഗുപതി (29) ആണ്‌ അറസ്‌റ്റിലായത്‌. സ്വകാര്യ പണമിടപാട്‌ സഥാപനത്തിൽ നിന്നും വായ്‌പ തരപ്പെടുത്തി കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് വനിതകളുടെ മൂന്ന്‌ ഗ്രൂപ്പുകളിലായുള്ള 24 പേരിൽനിന്നാണ് ഇയാൾ പണം തട്ടിയത്.

ലോൺ ലഭിക്കാനായി ഇയാൾ പറഞ്ഞ ഐസിഐസിഐ ബാങ്ക്‌ തമിഴ്നാട് അഞ്ചുഗ്രാമം ശാഖയിലെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചിട്ടും വായ്‌പ ലഭിക്കാതായതോടെയാണ് ഇവർ തട്ടിപ്പ് തിരിച്ചറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചേർത്തല ഡിവൈഎസ്‌പി കെ വി ബെന്നി, കുത്തിയതോട് എസ്‌എച്ച്‌ഒ എ ഫൈസൽ, എസ്‌ഐ പി ആർ രാജീവ്, ജെ സണ്ണി, എസ്‌സിപിഒമാരായ ആനന്ദ്, നിധിൻ, സിപിഒമാരായ മനേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്‌റ്റ്‌ ചെയ്‌തത്.

അതിനിടെ നെടുമ്പ്രം പഞ്ചായത്തിലെ 69 ലക്ഷത്തിൻറെ കുടുംബശ്രീ ഫണ്ട് തട്ടിപ്പിൽ അന്വേഷണം അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി ആരോപണം. കുറ്റക്കാരായ സിഡിഎസ് അധ്യക്ഷ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ ഭരണസമിതി ഇതുവരെ പൊലീസിൽ പരാതി നൽകിയില്ല. സിപിഎം നേതാക്കൾക്ക് തട്ടിപ്പിൽ പങ്കുള്ളതു കൊണ്ടാണ് അന്വേഷണത്തെ ഭയക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.

ലക്ഷങ്ങളുടെ തട്ടിപ്പിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ സിഡിഎസ് അധ്യക്ഷ പി കെ സുജ, അക്കൗണ്ടൻറ് എ ഷീനമോൾ, മുൻ വിഇഒ ബിൻസി എന്നിവർക്കെതിരെ പൊലീസിൽ രേഖാമൂലം പരാതി നൽകാൻ പഞ്ചായത്തുതല കുടുംബശ്രീ യോഗം തീരുമാനിച്ചതാണ്. നിലവിലെ മെമ്പർ സെക്രട്ടറി ആയ വിഇഒയെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ നടപടി തീരുമാനിച്ച കുടുംബശ്രീ യോഗത്തിൻറെ മിനിറ്റ്സ് തയ്യാറായില്ലെന്ന സാങ്കേതിക കാരണം പറഞ്ഞ് പൊലീസിൽ പരാതി നൽകാതെ ഉഴപ്പുകയാണ് ഭരണസമിതി.