ന്യൂഡൽഹി: ജനാധിപത്യം സംരക്ഷിക്കുന്നതിനും സ്വേച്ഛാധിപത്യ സർക്കാരിനെ താഴെയിറക്കുന്നതിനുമായി ജനങ്ങളിലേക്ക് ഇറങ്ങിയുള്ള പ്രവർത്തനം കാഴ്ചവയ്ക്കണമെന്ന ആഹ്വാനവുമായി കോൺഗ്രസ് പ്രവർത്തക സമിതി. സംയമനം പാലിക്കണമെന്നും പാർട്ടിക്കു കളങ്കമുണ്ടാക്കുന്ന അഭിപ്രായ പ്രകടനങ്ങൾ മാധ്യമങ്ങൾക്കു മുന്നിൽ നടത്തുന്നത് ഒഴിവാക്കണമെന്നും കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു.
ജനങ്ങളിലേക്ക് ഇറങ്ങി അവരുടെ പ്രശ്നങ്ങൾ പഠിച്ച് പ്രവർത്തിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. ഹൈദരാബാദിൽ ചേരുന്ന യോഗത്തിലാണ് നേതൃത്വം പ്രവർത്തകർക്കു നിർദേശം നൽകിയത്. ‘‘ഇത് വിശ്രമത്തിനുള്ള സമയമല്ല. കഴിഞ്ഞ പത്തുവർഷമായുള്ള ബിജെപി ഭരണത്തിൻ കീഴിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ ജനം നേരിടുന്നുണ്ട്. സ്ത്രീകള്‍, കർഷകർ, തൊഴിലാളികൾ, ദരിദ്രർ, യുവാക്കൾ എന്നിവരുടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ പ്രധാനമന്ത്രി തയാറാകുന്നില്ല.
ഈ സ്വേച്ഛാധിപത്യ സർക്കാരിൽനിന്ന് ജനങ്ങളെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ജനാധിപത്യം പുനഃസ്ഥാപിക്കണം.’’– ഖർഗെ പറഞ്ഞു. വ്യക്തിപരമായ താത്പര്യങ്ങൾ മാറ്റിവച്ച് വിശ്രമമില്ലാതെ പ്രവർത്തിക്കണമെന്നും ഖർഗെ ആവശ്യപ്പെട്ടു. ‘‘പാർട്ടിയുടെ വിജയത്തിനു മുൻഗണന നൽകണം. ഐക്യത്തിലൂടെയും അച്ചടക്കത്തിലൂടെയും മാത്രമേ നമുക്ക് എതിരാളികളെ നേരിടാൻ സാധിക്കൂ. നമ്മൾ ഒറ്റക്കെട്ടായി പ്രവർത്തിച്ച കർണാടകയിൽ വിജയിക്കാൻ നമുക്കു സാധിച്ചു.’’– ഖർഗെ ചൂണ്ടിക്കാട്ടി.