ബിജെപി ഒരുക്കുന്ന കെണികളില്‍ പോയി വീഴല്ലേ; കോണ്‍ഗ്രസ് നേതാക്കളോട് രാഹുല്‍ ഗാന്ധി

Advertisement

ന്യൂ ഡെൽഹി :
ബിജെപി ഒരുക്കുന്ന കെണികളില്‍ വീഴരുതെന്ന് പാര്‍ട്ടി നേതാക്കളോട് അഭ്യര്‍ത്ഥിച്ച് മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സാധാരണക്കാരന് ഒരു ഗുണവും ഇല്ലാത്ത, ബിജെപി ഒരുക്കുന്ന അപ്രധാന കാര്യങ്ങളില്‍ പോയി വീഴരുതെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ രാഹുല്‍ നേതാക്കളെ അഭിസംബോധന ചെയ്യുന്നതിനിടെ ആവശ്യപ്പെട്ടത്.

ബിജെപി ഒരുക്കുന്ന കെണികളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍, മാധ്യമങ്ങള്‍, പൗരസമൂഹം, ബുദ്ധിജീവികള്‍ എന്നിവര്‍ പോയി വീഴരുതെന്ന് എഐസിസി മീഡിയ& പബ്ലിസിറ്റി ചെയര്‍മാന്‍ പവന്‍ ഖേര വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ബിജെപി ഒരുക്കുന്ന വിഷയങ്ങളില്‍ നിന്ന് മാറി രാജ്യത്തെയും ജനങ്ങളെയും ബാധിക്കുന്ന കാര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. രാഹുല്‍ ഗാന്ധി ഇക്കാര്യം എടുത്തുപറഞ്ഞെന്നും പവന്‍ ഖേര പറഞ്ഞു.

നരേന്ദ്രമോദിയാണോ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനാണോ ജനപ്രീതി എന്ന് സ്വകാര്യ ഏജന്‍സി നടത്തിയ സര്‍വേ, കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ തിലകം ചാര്‍ത്താന്‍ തയ്യാറായില്ല എന്ന കാര്യങ്ങളൊക്കെയാണ് ഒരു വിഭാഗം മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇത്തരത്തിലുള്ള കെണികളാണ് ഒരുക്കുന്നത്. തൊഴിലില്ലായ്മയോ, അതേ പോലുള്ള കാര്യങ്ങളോ ആണോ അതേ മേല്‍പറഞ്ഞ സംഭവങ്ങളാണോ പ്രധാനമെന്നും പവന്‍ ഖേര ചോദിച്ചു.

ഭാരത മാതാവിന്റെ ശബ്ദമാവുന്നതിനും ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളെയുമാണ് കോണ്‍ഗ്രസ് രാഷ്ട്രീയമായി ഉന്നയിക്കേണ്ടതെന്ന കാര്യമാണ് രാഹുല്‍ കൃത്യമായി പറഞ്ഞത്. പാര്‍ട്ടി കേഡര്‍മാര്‍ക്ക് കൃത്യമായ വഴിയാണ് രാഹുലിന്റെ പ്രതികരണം നല്‍കിയതെന്നും പവന്‍ ഖേര പറഞ്ഞു.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ സംവരണത്തോത് ഉയര്‍ത്തണമെന്ന് രാഹുല്‍ ഏപ്രിലില്‍ കോലാറില്‍ നടന്ന പൊതുയോഗത്തില്‍ തന്നെ വ്യക്തമാക്കിയതാണെന്നും പവന്‍ ഖേര പറഞ്ഞു. ജാതി സെന്‍സസിനെ കുറിച്ചും രാജ്യത്തിന്റെ സമ്പത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വിഹിതമുണ്ടാവണമെന്നും പാര്‍ട്ടി വിഷയത്തില്‍ കൂടുതല്‍ ഇടപെടുമെന്നും രാഹുല്‍ സംസാരിച്ചുവെന്നും പവന്‍ ഖേര കൂട്ടിച്ചേര്‍ത്തു.

Advertisement