ഏഷ്യാകപ്പിലെ സിറാജിന്റെ തീപ്പൊരി പ്രകടനം… അഭിനന്ദനവുമായി ശ്രദ്ധാ കപൂര്‍… ഇരുവരും തമ്മില്‍ പ്രണയത്തിലോ?

Advertisement

കൊളംബോ: ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യ ശ്രീലങ്കയെ 10 വിക്കറ്റിന് തകര്‍ത്തതില്‍ നിര്‍ണായക പങ്കാണ് മുഹമ്മദ് സിറാജ് നടത്തിയത്. ആറ് വിക്കറ്റുകളുമായി സിറാജ് നടത്തിയ തീപ്പൊരി പ്രകടനമാണ് ശ്രീലങ്കയെ തകര്‍ത്തത്. ഒരോവറില്‍ നാല് വിക്കറ്റ് ഉള്‍പ്പെടെയാണ് സിറാജിന്റെ ഗംഭീര ബൗളിങ്.
ഇന്ത്യയുടെ വിജയത്തിന് പിന്നാലെ സിറാജിന് അഭിനന്ദന പ്രവാഹമാണ്. ഒട്ടുമിക്ക പ്രമുഖരും സിറാജിന് അഭിനന്ദനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ സിറാജിന്റെ പ്രകടനത്തെ വാഴ്ത്തി ബോളിവുഡ് സൂപ്പര്‍ നായിക ശ്രദ്ധാ കപൂര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റ് വൈറലായിരിക്കുകയാണ്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന സൂചന നല്‍കുന്നതാണ് ശ്രദ്ധയുടെ പോസ്റ്റെന്നാണ് പാപ്പരസികളുടെ കണ്ടെത്തല്‍. ‘ഫ്രീ ടൈം ലഭിക്കുമ്പോള്‍ സിറാജ് എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹത്തോട് ഒന്ന് ചോദിക്കാമോ’ എന്നാണ് തന്റെ ചിത്രത്തോടൊപ്പം ശ്രദ്ധ കുറിച്ചത്. ഇത് അടുത്ത ക്രിക്കറ്റ്-ബോളിവുഡ് പ്രണയത്തെയാണ് തുറന്നുകാട്ടുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ബോളിവുഡിലെ പ്രശസ്ത നായികമാരിലൊരാളാണ് ശ്രദ്ധ. ആഷിക് 2 എന്ന ചിത്രത്തിലൂടെ ആരാധക മനസില്‍ ഇടം നേടിയ ശ്രദ്ധക്ക് വലിയ ആരാധക പിന്തുണയുമുണ്ട്. വിരാട് കോലിയുടെ പിന്തുണകൊണ്ട് കരിയറില്‍ വളര്‍ന്ന് ഇന്നത്തെ നിലയിലേക്കെത്തിയ താരമാണ് സിറാജ്. കോലിയെ തന്റെ റോള്‍ മോഡലായാണ് സിറാജ് കാണുന്നത്. കോലി ബോളിവുഡ് സൂപ്പര്‍ നായിക അനുഷ്‌ക ശര്‍മയെയാണ് വിവാഹം ചെയ്തത്. തന്റെ റോള്‍ മോഡലിന്റെ അതേ പാതയില്‍ സഞ്ചരിക്കാനുള്ള ശ്രമമാണ് സിറാജ് നടത്തുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. ഇതിന് മുമ്പ് പ്രണയത്തിന്റെ പേരില്‍ ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിക്കാത്ത താരമാണ് സിറാജ്.

Advertisement