പോലീസ് സ്റ്റേഷനിൽ പ്രീ വെഡ്ഡിങ് ഷൂട്ട്, വൈറലായി പോലീസ് വധുവും വരനും, മേലുദ്യോഗസ്ഥൻറെ പ്രതികരണമിങ്ങനെ

Advertisement

ഹൈദരാബാദ്: പോലീസ് സ്റ്റേഷനിൽവെച്ചുള്ള ഹൈദരബാദിലെ പോലീസ് ഉദ്യോഗസ്ഥരായ രണ്ടുപേരുടെ പ്രീ വെഡ്ഡിങ് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറാലായതിന് പിന്നാലെ നിർദേശവുമായി മേലുദ്യോഗസ്ഥൻ. പോലീസ് സ്റ്റേഷനിലും ഔദ്യോഗിക വാഹനത്തിലും യൂനിഫോമിലുമായുള്ള പ്രീ വെഡ്ഡിങ് വീഡിയോ ശരിയായ രീതിയല്ലെന്നും നടപടി സ്വീകരിക്കണമെന്നും ഒരു വിഭാഗവും ഒരേ ഡിപ്പാർട്ട്മെൻറ് ജോലി ചെയ്യുന്ന രണ്ടുപേർ അവരുടെ ജോലിയെയും വീഡിയോയിൽ ചേർത്തത് നല്ലകാര്യമാണെന്ന് മറുവിഭാഗവും സാമൂഹിക മാധ്യമങ്ങളിൽ ചർച്ച സജീവമാക്കിയതോടെയാണ് പോലീസിലെ മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ സി.വി. ആനന്ദ് വിശദീകരണവുമായി രംഗത്തെത്തിയത്.

പോലീസ് ഉദ്യോഗസ്ഥ പോലീസ് കാറിൽ വന്നിറങ്ങുന്നതും സല്യൂട്ട് സ്വീകരിക്കുന്നതും പിന്നീട് പരാതി പരിശോധിക്കുന്നതുമാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. ഇതിനിടയിൽ പോലീസ് ഉദ്യോഗസ്ഥൻ കാറിലെത്തുകയും ചെയ്യുന്നു. പോലീസ് സ്റ്റേഷനിലുള്ള ഈ ദൃശ്യങ്ങളാണ് ചർച്ചയായത്. പോലീസ് സ്റ്റേഷനിലെ രംഗത്തിന് പിന്നാലെ ഇരുവരും തമ്മിലുള്ള ഡാൻസ് ഉൾപ്പെടെ ചേർത്തുള്ള വീഡിയോയും ഉൾപ്പെടുത്തിയിട്ടുണ്ട്. പോലീസ് സ്റ്റേഷനിൽ വീഡിയോ ചിത്രീകരിച്ചത് അധികാര ദുർവിനിയോഗമാണെന്നും സംഭവത്തെ മേലുദ്യോഗസ്ഥർ അപലപിക്കുമെന്നും കരുതിയവരുടെ മുന്നിലേക്കാണ് വിവാഹിതരാകാൻ പോകുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങളുമായി സി.വി. ആനന്ദ് എക്സ് പ്ലാറ്റ്ഫോമിൽ കുറിപ്പിട്ടത്.

ഇരുവരും തങ്ങളുടെ വിവാഹത്തെ ഏറെ ആകാംക്ഷയോടെയാണ് കാണുന്നതെന്നും അത് നല്ലകാര്യമാണെങ്കിൽ കൂടി പോലീസ് സ്റ്റേഷനിലെ വീഡിയോ അൽപം കുഴപ്പം പിടിച്ചതാണെന്ന് സി.വി. ആനന്ദ് പറഞ്ഞു. പോലീസ് ജോലി വളരെ ബുദ്ധിമുട്ടേറിയ പണിയാണ്. പ്രത്യേകിച്ച് സ്ത്രീകൾക്ക്. അവർ അവരുടെ ജീവിത പങ്കാളിയെ പോലീസിൽനിന്നും തന്നെ കണ്ടെത്തിയതെന്ന് ഞങ്ങൾക്ക് എല്ലാവർക്കും ആഘോഷിക്കാനുള്ള കാരണമാണ്. ഇരുവരും പോലീസുകാരായതുകൊണ്ട് തന്നെ പോലീസ് വകുപ്പിൻറെ സ്ഥലവും ചിന്ഹങ്ങളും ഉപയോഗിക്കുന്നതിൽ തെറ്റില്ല. അവർ ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നെങ്കിൽ ഷൂട്ടിങിന് സമ്മതം നൽകുമായിരുന്നു. ചിലർക്കെങ്കിലും ഇക്കാര്യത്തിൽ വിയോജിപ്പുണ്ടാകാം. എന്നാൽ, കല്യാണത്തിന് വിളിച്ചില്ലെങ്കിൽ കൂടി അവരെ അനുഗ്രഹിക്കാനാണ് ആഗ്രഹിക്കുന്നത്. അനുമതിയില്ലാതെ ഇത്തരം കാര്യങ്ങൾ ചെയ്യരുതെന്നാണ് മറ്റുള്ളവരോട് പറയാനുള്ളതെന്നും സി.വി. ആനന്ദ് പറഞ്ഞു.

Advertisement