പട്ന:ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കിയാലും നേരിടാൻ പ്രതിപക്ഷം സജ്ജമാണെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പ്രതിപക്ഷം ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. ജനങ്ങൾക്ക് വേണ്ടിയാണ് ഞങ്ങൾ പ്രവർത്തിക്കുന്നതെന്നും ഇനിയും അത് തന്നെ തുടരുമെന്നും നിതീഷ് കുമാർ വ്യക്തമാക്കി
ബിഹാറിൽ ഏറെ വികസന പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞു. റോഡുകളുടേയും പാലത്തിന്റേയും നിർമാണമുൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ കഴിഞ്ഞു. വൈദ്യുതി, ശുദ്ധജല വിതരണ മേഖലകളിലും ഏറെ പുരോഗതി വരുത്താനായെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
അതിനിടെ, 14 ടിവി അവതാരകരെ ബഹിഷ്ക്കരിച്ച ഇന്ത്യ മുന്നണിയുടെ തീരുമാനത്തോട് നിതീഷ് കുമാർ വിയോജിച്ചു. താൻ മാധ്യമ പ്രവർത്തകർക്ക് എതിരല്ല, മാധ്യമപ്രവർത്തകർക്ക് പൂർണ പിന്തുണ നൽകണമെന്ന് അഭിപ്രായമുള്ള ആളാണ്, മാധ്യമ നിയന്ത്രണങ്ങളിൽ വിശ്വസിക്കുന്നില്ലെന്നും നിതീഷ് വ്യക്തമാക്കി.