വിജയ് ആന്‍റണിയുടെ മകളുടെ മരണം: പൊലീസ് അന്വേഷണം തുടങ്ങി, ഫോണ്‍ കസ്റ്റഡിയില്‍ എടുത്തു

Advertisement

ചെന്നൈ: തമിഴ് സിനിമ ലോകത്ത് ഞെട്ടലുണ്ടാക്കിയ വാര്‍ത്തയാണ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്‍റണിയുടെ മകളുടെ മരണ വാര്‍ത്ത. ഇന്ന് പുലര്‍ച്ചെയാണ് സംഭവം ഉണ്ടായത്. വിജയ് ആന്‍റണിക്കും ഭാര്യ ഫാത്തിമയ്ക്കും രണ്ട് പെണ്‍മക്കളാണ്. മീരയും, ലോറയും. ഇതില്‍ മൂത്തമകള്‍ 16 കാരി മീരയാണ് ഇപ്പോള്‍ ആത്മഹത്യ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി പതിവുപോലെ മീര ഉറങ്ങാനായി തന്‍റെ റൂമിലേക്ക് പോയതാണ്. പുലര്‍ച്ചെ മൂന്ന് മണിക്ക് റൂമില്‍ നിന്നും ശബ്ദം കേട്ട് വിജയ് ആന്‍റണി മീരയുടെ റൂമില്‍ എത്തിയപ്പോള്‍ മീര തൂങ്ങി നില്‍ക്കുന്നതാണ് കണ്ടത്. പിന്നാലെ താഴെ ഇറക്കി അടുത്തുള്ള കാവേരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ചര്‍ച്ച് പാര്‍ക്ക് സേക്രഡ് ഹാര്‍ട്ട് സ്കൂളിലെ 12-ാം ക്ലാസ് വിദ്യാര്‍ഥിനി ആയിരുന്നു മീര. പഠനത്തില്‍ മികവ് പുലര്‍ത്തുന്ന, പാഠ്യേതര പ്രവര്‍ത്തനങ്ങളിലും താല്‍പര്യമുള്ള ആള്‍ ആയിരുന്നു. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് ചെന്നൈ ആള്‍വപ്പേട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മീരയുടെ മുറിയില്‍ രാവിലെ ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി. പിന്നാലെ മീരയുടെ ഫോണ്‍ പൊലീസ് വിദഗ്ധ പരിശോധനയ്ക്ക് വേണ്ടി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

മകളുടെ മരണത്തിന്‍റെ ഞെട്ടലിലായ വിജയ് ആന്‍റണി, ഭാര്യ ഫാത്തിമ എന്നിവരുടെ മൊഴി ഒഴികെ വീട്ടിലുണ്ടായിരുന്നവരുടെയും അടുത്തവരുടെയും മൊഴി പൊലീസ് എടുത്തിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി മീര വിഷാദ രോഗത്തിന് ചികില്‍സ തേടുന്നുണ്ടെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. കാവേരി ഹോസ്പിറ്റലിലായിരുന്നു ചികില്‍സ. ഇവിടുത്തെ മീരയെ ചികില്‍സിക്കുന്ന ഡോക്ടറുടെ മൊഴി പൊലീസ് എടുക്കും. പ്രഥമികമായി ഇത് ആത്മഹത്യ തന്നെയാണ് എന്നാണ് പൊലീസ് ഉറപ്പിക്കുന്നത്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എപ്പോഴും മുന്‍നിരയില്‍ ഉണ്ടാവാറുള്ള താരമാണ് വിജയ് ആന്‍റണി. ആത്മഹത്യാവിരുദ്ധ സന്ദേശങ്ങള്‍ ആകാവുന്ന വേദികളിലൊക്കെ നല്‍കിയിട്ടുണ്ട് അദ്ദേഹം. അതിനൊരു വ്യക്തിപരമായ കാരണവുമുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ അച്ഛന്‍ ആത്മഹത്യ ചെയ്തതായിരുന്നു. വിജയ് ആന്‍റണിക്ക് ഏഴ് വയസ് മാത്രമുള്ളപ്പോഴായിരുന്നു അച്ഛന്‍റെ വിടവാങ്ങല്‍.