‘ഇന്ത്യ’ക്കായി പ്രിയങ്ക ഗാന്ധിയുടെ നിർണായക നീക്കം? ‘യുപിയിൽ ബിജെപിയെ തോൽപ്പിക്കാം’; മായാവതിയുമായി കൂടിക്കാഴ്ച?

Advertisement

ലഖ്നൗ: ലോക്സഭ തെരഞ്ഞെടുപ്പിൽ ഏറ്റവും നിർണായമാണ് ഉത്തർ പ്രദേശിലെ സീറ്റുകൾ. രാജ്യത്ത് ഏറ്റവും കൂടുതൽ ലോക്സഭ മണ്ഡലങ്ങളുള്ള യു പിയിലെ വിജയമാണ് കഴിഞ്ഞ രണ്ട് തവണയും ബി ജെ പിയെ അധികാരത്തിലേറ്റുന്നതിൽ നിർണായകമായത്.

അതുകൊണ്ടുതന്നെ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ ഇക്കുറി ഏറ്റവുമധികം കണ്ണുവയ്ക്കുന്നതും യു പിയിലെ 80 സീറ്റുകളിലാണ്. എന്നാൽ കാര്യങ്ങൾ അത്ര എളുപ്പമല്ല.സഖ്യത്തോട് മായാവതി ഇടഞ്ഞുനിൽക്കുന്നതാണ് ‘ഇന്ത്യ’ക്ക് മുന്നിലെ വലിയ വെല്ലുവിളി. എന്നാൽ ഏറ്റവും ഒടുവിലായ യു പിയിൽ നിന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ ‘ഇന്ത്യ’സഖ്യത്തിന് പ്രതീക്ഷ പകരുന്നതാണ്. ഇടഞ്ഞുനിൽക്കുന്ന മായാവതിയെയും ബി എസ് പിയെയും ‘ഇന്ത്യ’ സഖ്യത്തിൻറെ ഭാഗമാക്കാനുള്ള നിർണായക ഇടപെടലുകൾ പ്രിയങ്ക ഗാന്ധിയുടെ ഭാഗത്ത് നിന്നും ഉണ്ടായെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രിയങ്കഗാന്ധിയും മായാവതിയും തമ്മിൽ കൂടിക്കാഴ്ച നടന്നതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ഇന്ത്യ സഖ്യത്തിലേക്ക് മായാവതിയെ കൊണ്ട് വരാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. തെര‍ഞ്ഞെടുപ്പിൽ എസ് പിക്കൊപ്പം ബി എസ് പിയെയും ഒപ്പം നിർത്തിയാൽ യു പിയിൽ ബി ജെ പിയെ തോൽപ്പിക്കാമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. കോൺഗ്രസുമായുള്ള സഖ്യം നേരത്തെ ബി എസ് പി തള്ളിയിരുന്നു. ഉത്ത‍ർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലും ബി എസ് പിയെ ഒപ്പം നിർത്താൻ കോൺഗ്രസ് ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. എന്നാൽ പ്രിയങ്കയുടെ നീക്കത്തിലൂടെ ബി എസ് പിയെയും മായാവതിയെയും ഒപ്പം നിർത്താനായാൽ യു പിയിൽ അത് മുതൽക്കൂട്ടാകും. അതേസമയം പ്രിയങ്ക – മായാവതി കൂടിക്കാഴ്ചയെക്കുറിച്ച് കോൺഗ്രസോ ബി എസ് പി നേതാക്കളോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Advertisement