‘നിങ്ങൾക്ക് ആർത്തവമാണെങ്കിൽ ഈ കസേരയിൽ ഇരിക്കൂ’;സ്ത്രീകൾക്ക് അടിപൊളി സർപ്രൈസുമായി ഒരുകൂട്ടം യുവാക്കൾ

Advertisement

ഒരുകാലത്ത് ആരും ചർച്ച ചെയ്യുകയോ സംസാരിക്കുകയോ പോലും ചെയ്യാതിരുന്ന കാര്യങ്ങൾ തുറന്നു പറയാൻ കഴിയുന്ന വേദിയായി സോഷ്യൽമീഡിയ മാറി. അത് നല്ലതെന്നും മോശമെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്. അടുത്ത കാലങ്ങളിലായാണ് സ്ത്രീകളുടെ ആർത്തവത്തെ പറ്റിയും അതിന്റെ ബുദ്ധിമുട്ടുകളെപ്പറ്റിയും കാര്യമായ ചർച്ചകൾ ഉണ്ടായത്.

ആർത്തവ സമയത്തുണ്ടാകുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളും ആരോഗ്യ പ്രശ്നങ്ങളും ഇന്ന് കാര്യമായി തന്നെ സോഷ്യൽമീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ലിംഗഭേദമില്ലാതെ എല്ലാവരും അറിഞ്ഞിരിക്കേണ്ട വിഷയമാണിതെന്ന് ജനങ്ങൾ മനസ്സിലാക്കുന്നുമുണ്ട്. കുറച്ചു യുവാക്കൾ ചേർന്ന് ആർത്തവമുള്ള സ്ത്രീകൾക്കു നൽകിയ സർപ്രൈസ് വൈറലായി.

ആർത്തവമാണെങ്കിൽ ഈ കസേര നിങ്ങൾ‌ക്കാണ് എന്നെഴുതിയ കുറിപ്പുമായി പൊതുമധ്യത്തിൽ ഒരു കസേര വച്ചു. പല പെൺകുട്ടികളും ആ കസേരയിൽ ഇരിക്കുകയും ചെയ്തു. ഇരുന്നവരെ ഞെട്ടിച്ചുകൊണ്ട് അവർക്കായി യുവാക്കൾ റൊമാന്റിക് പാട്ടുകൾ പാടാൻ ആരംഭിച്ചു. ഇതിനിടയിൽ ഒരു ചെറുപ്പക്കാരൻ പെൺകുട്ടിയുടെ മേൽ റോസാപ്പൂക്കൾ വിതറി, മറ്റൊരാൾ അവർക്ക് കേക്കും, പൂക്കളും വച്ചുനീട്ടി.

വിഡിയോയ്ക്കൊപ്പം പങ്കുവച്ച കുറിപ്പിൽ, അസ്വസ്ഥതയും വേദനയും നിറഞ്ഞ ദിവസമാണെങ്കിലും നിറഞ്ഞ പുഞ്ചിരിയോടുകൂടിയാണ് നിങ്ങൾ മറ്റുള്ളവർക്കു മുന്നിലെത്തുന്നത്. ബുദ്ധിമുട്ടുണ്ടെങ്കിലും നിങ്ങൾ കാണിക്കുന്ന ആ കരുത്തിനെ അംഗീകരിക്കുന്നു എന്ന് എഴുതിയിരുന്നു.

എന്നാൽ സോഷ്യൽമീഡിയയിൽ വിഡിയോ വൈറലായതോടെ പല തരത്തിലുള്ള അഭിപ്രായങ്ങളാണ് ജനങ്ങൾ പങ്കുവയ്ക്കുന്നത്. നല്ല കാര്യമാണ് നിങ്ങൾ ചെയ്യുന്നതെന്ന് ഒരു കൂട്ടം ആളുകളും, ആർത്തവം ഒരു സാധാരണ കാര്യമല്ലേ, അതിനു എന്തിനാണ് ഇത്രയും പ്രാധാന്യം കൊടുക്കുന്നത് എന്നു മറ്റൊരു വിഭാഗം ആളുകളും അഭിപ്രായപ്പെടുന്നു. ‘ഞാനൊരു പെൺകുട്ടിയാണ്, നിങ്ങൾ ചെയ്തതിനെ ഞാൻ അംഗീകരിക്കുന്നു. പക്ഷേ ഇതിലൊന്നും കാര്യമില്ലെന്നാണ് എനിക്കു തോന്നുന്നത്. ഞങ്ങൾ എല്ലാ മാസവും ഈ അവസ്ഥയിലൂടെ കടന്നുപോകുന്നവരാണ്. ആർത്തവത്തെപ്പറ്റി മറ്റുള്ളവരിലേക്ക് വിവരങ്ങൾ എത്തിക്കണമെങ്കിൽ അതിനനുസരിച്ചുള്ള കാര്യങ്ങൾ ചെയ്യുകയാണ് വേണ്ടത്. ഇനി മറ്റൊരാളുടെ മുഖത്ത് ഒരു പുഞ്ചിരി കൊണ്ടുവരാനാണ് താൽപര്യമെങ്കിൽ ദുഃഖിക്കുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്’, എന്നാണ് ഒരാൾ കുറിച്ചത്. അതേസമയം അഹോരാത്രം പണിയെടുക്കുന്ന പുരുഷന്മാർ സമൂഹത്തിലുണ്ടെന്നും, പലപ്പോഴും ജീവൻ അവസാനിപ്പിക്കാൻ പോലും ചിന്തക്കുന്ന തരത്തിൽ ഡിപ്രഷനിലാണ് അവരെന്നും, അവർക്കായി ഒരു കസേര എവിടെയും കണ്ടില്ലെന്നുമാണ് ഒരാൾ കമന്റ് ചെയ്തത്.

Advertisement