ജോലി ഉണ്ട്, പക്ഷേ, വന്‍ ഡിമാന്‍റുകൾ; പരസ്യം നൽകിയ കമ്പനിക്കെതിരെ രൂക്ഷ വിമർശനം !

Advertisement

ന്യൂഡൽഹി: ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു പുസ്തകം പ്രസാധക കമ്പനിയുടെ തൊഴിൽ പരസ്യം സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമർശനത്തിന് ഇടയാക്കി. ജോലിക്ക് അപേക്ഷിക്കാനുള്ള ഉദ്യോഗാർത്ഥികൾക്ക് നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഗുണങ്ങളായി കമ്പനി മുന്നോട്ട് വെച്ച ചില കാര്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ വിമർശനത്തിന് വഴി തുറന്നത്.

സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വൈദഗ്ധ്യമുള്ള ഉദ്യോഗാർത്ഥികളെ ആകർഷിക്കാമെന്ന് കരുതിയാണ് പരസ്യം നൽകിയതെങ്കിലും ഇപ്പോൾ അത് അവർക്ക് തന്നെ തിരിച്ചടിയായിരിക്കുകയാണ്. ഗ്രാഫിക് ഡിസൈനർ, വീഡിയോ എഡിറ്റർ, ഇവന്‍റ് മാനേജർ, സെയിൽസ്‌പേഴ്‌സൺ, കണ്ടന്‍റ് ക്രിയേറ്റർ എന്നിങ്ങനെ അഞ്ച് തസ്തികകളിലേക്കാണ് കുൻസും എന്ന പുസ്തകശാല ഉദ്യോഗാർത്ഥികളെ തേടിയത്. എന്നാല്‍, ഉദ്യോഗാർത്ഥികൾക്ക് വേണ്ട ഗുണഗണങ്ങളായി ലിസ്റ്റ് ചെയ്തിരിക്കുന്ന കാര്യങ്ങളാണ് ഏവരെയും അമ്പരപ്പെടുത്തിയത്.

പരസ്യത്തിൽ പറയുന്നത് ഇങ്ങനെയാണ്; “ഞങ്ങൾ വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും എല്ലാ മണിക്കൂറുകളിലും ജോലി ചെയ്യുന്നു. WFH (Work From Home) ഒരു ഓപ്ഷനല്ല” ഉദ്യോഗാർത്ഥികൾ “ബബ്ലി” വ്യക്തിത്വമുള്ളവരായിരിക്കണം, എപ്പോഴും സ്വാഭാവികമായി പുഞ്ചിരിക്കുന്നവരായിരിക്കണം, കൂടാതെ അപരിചിതരോട് സംസാരിക്കാൻ കഴിവുള്ളവർ ആയിരിക്കണമെന്നും പരസ്യത്തിൽ പറയുന്നു. പരസ്യത്തിലെ ഇത്തരം പ്രസ്താവനകളാണ് സാമൂഹിക മാധ്യമ ഉപഭോക്താക്കൾക്കിടയിൽ കമ്പനിക്കെതിരെ രൂക്ഷ വിമർശനത്തിന് ഇടയാക്കിയിരിക്കുന്നത്. ഇത്തരം ആവശ്യകതകൾ ഒക്കെയുള്ള ഒരാളെയാണ് നിങ്ങൾ തേടുന്നതെങ്കിൽ ഒരു റോബോട്ടിനെ നിയമിച്ചാൽ മതി എന്നായിരുന്നു ചിലർ കമ്പനിയുടെ സാമൂഹിക മാധ്യമ പോസ്റ്റിന് താഴെ കുറിച്ചത്. മനുഷ്യർക്ക് ഈ ഡിമാന്‍റുകൾ അനുസരിച്ച് ജോലി ചെയ്യാൻ കഴിയില്ലെന്നും അതുകൊണ്ട് യന്ത്രങ്ങളുടെ സഹായം തേടാമെന്നുമായിരുന്നു ഭൂരിഭാഗം സാമൂഹിക മാധ്യമ ഉപഭോക്താക്കളും അഭിപ്രായപ്പെട്ടത്. വിമര്‍ശനങ്ങള്‍ ഏറിയപ്പോള്‍ കുൻസും തങ്ങളുടെ എക്സ് അക്കൗണ്ടില്‍ നിന്നും പരസ്യം പിന്‍വലിച്ചു.

Advertisement