പലചരക്ക് കടയിൽ നിന്ന് വീട്ടിലേക്ക് ആവശ്യമില്ലാത്ത സാധനങ്ങളുമായി വരുന്ന ഭർത്താക്കന്മാരെ വഴക്ക് പറയുന്ന ഭാര്യമാരെ കണ്ടിട്ടുണ്ടോ? കടയിൽ സാധനം വാങ്ങാൻ കയറുമ്പോൾ അവിടെ ലഭ്യമായ സൗജന്യങ്ങളും പിന്നെ സ്വന്തം താത്പര്യങ്ങളുമാണ് ഇത്തരത്തിൽ സാധനങ്ങൾ വാങ്ങാൻ പുരുഷന്മാരെ ഒരു പരിധി വരെ പ്രേരിപ്പിക്കുന്നത്.
എന്നാൽ, അടുക്കളയിൽ. ഭാര്യയ്ക്ക് സ്വന്തം നിലയിൽ ചില കണക്കുകൂട്ടലുകൾ ഉണ്ടാകും. ഭർത്താവ് വാങ്ങിവരുന്ന പലവ്യഞ്ജന കിറ്റ് പലപ്പോഴും ഈ കണക്ക് കൂട്ടലുകൾ തെറ്റിക്കും. ഇതിനെ തുടർന്നാകും പിന്നെ വീട്ടിലെ വഴക്ക്. ഈ ദൈനംദിന പ്രശ്നത്തിന് ഒരു പരിഹാരമാർഗ്ഗവുമായി എത്തിയിരിക്കുകയാണ് സാമൂഹിക മാധ്യമ ഉപയോക്താക്കൾ. trolls_official എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഇത് സംബന്ധിച്ച കുറിപ്പ് പങ്കുവയ്ക്കപ്പെട്ടത്. പിന്നാലെ ഇത് സാമൂഹിക മാധ്യമ ഉപയോക്താക്കൾ അത് ഏറ്റെടുത്തു.
പലവ്യഞ്ജന പട്ടികയിൽ ഏറ്റവും ചെറിയ വിശദാംശങ്ങൾ പോലും ഭാര്യ കുറിച്ചിട്ടുണ്ട്. കുറിപ്പ് പങ്കുവച്ച് കൊണ്ട് trolls official ഇങ്ങനെ കുറിച്ചു, ‘ഈ സ്ത്രീ തൻറെ ഭർത്താവിന് വേണ്ടി എഴുതിയ വളരെ വിശദമായ പലചരക്ക് ലിസ്റ്റ് വൈറലാകുന്നു അതിൽ വളരെ വിശദമായ ചിത്രീകരണങ്ങളും ബുള്ളറ്റ് പോയിൻറുകളും ഉൾപ്പെടുന്നു.’ പലചരക്ക് പട്ടികയിൽ തക്കാളി, ഉള്ളി, ഉലുവ, ഉരുളക്കിഴങ്ങ്, വെണ്ടയ്ക്ക, മുളക്, ചീര, പാൽ, ദോശ മാവ് തുടങ്ങിയ പച്ചക്കറികളുടെ പേരുകളുമുണ്ട്. ലിസ്റ്റ് തയ്യാറാക്കിയ എറ, തൻറെ ഭർത്താവിന് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ പച്ചക്കറികളുടെ വലുപ്പത്തിൻറെ ചിത്രം പോലും പട്ടികയിൽ വരച്ച് വച്ചിരുന്നു. വെണ്ടയ്ക്ക എന്നെഴുതിയതിന് താഴെയായി ‘അത് വളരെ മൃദുവായതോ കഠിനമായതോ ആയിരിക്കരുത്.’ എന്നെഴുതി. വെണ്ടയ്ക്കയുടെ മൂപ്പ് കൃത്യമായിരിക്കണം എന്നായിരുന്നു അവർ ഉദ്ദേശിച്ചിരുന്നത്. ഉരുളക്കിഴങ്ങ് എന്നെഴുതിയതിന് താഴെ അതിൽ കണ്ണുകളോ പച്ച നിറമോ പാടില്ല’ എന്നും കുറിച്ചു. മുളക് കടക്കാരനോട് സൗജന്യമായി ചോദിക്കണം എന്ന് അവർ ഭർത്താവിനോട് പ്രത്യേകം എഴുതി ഓർമ്മപ്പെടുത്തുന്നു.
ഭർത്താവിൻറെ സൗകര്യത്തിനായി ഭാര്യയ്ക്ക് ഇത്രയധികം വിശദാംശങ്ങൾ എഴുതേണ്ടിവന്നതിലാണ് സാമൂഹിക മാധ്യമ ഉപയോക്താക്കൾ ശ്രദ്ധ കേന്ദ്രീകരിച്ചത്. ‘ഹാർഡ്‌വെയർ ഷോപ്പിന് പുറത്തുള്ള ഭജിവാലയിൽ നിന്ന് കൊണ്ടുവരിക,’ എവിടെ നിന്നാണ് സാധനങ്ങൾ വാങ്ങേണ്ടതെന്ന് കൂടി ഭാര്യ കൃത്യമായി എഴുതി. ഏറ്റവും അവസാനമായി സ്വന്തം പേരും ഒപ്പം ഹൃദയ ചിഹ്നവും വരച്ചു. കുറിപ്പ് വൈറലായതിന് പിന്നാലെ നിരവധി പേർ കമൻറുമായെത്തി. “അവസാനമുള്ള ആ ചെറിയ ഹൃദയം കാരണം പുരുഷന്മാർ വിവരിച്ചതുപോലെ ഓരോ കാര്യവും വാങ്ങും.” ഒരു കാഴ്ചക്കാരൻ എഴുതി. ‘ആ വിശദാംശങ്ങളും ചിത്രങ്ങളുമെല്ലാം എല്ലാം കഴിഞ്ഞിട്ടും, അവൻ ഇപ്പോഴും ലിസ്റ്റിൽ പോലും ഇല്ലാത്ത ഓറഞ്ച് വാങ്ങുന്നു.’ എന്നായിരുന്നു മറ്റൊരു സഹൃദയൻറെ കുറിപ്പ്. എന്നാൽ, സ്വന്തം വീട്ടിലെ അടുക്കളയിൽ എന്താണ് സംഭവിക്കുന്നതെന്ന് ഒരു ധാരണയിലും ഇല്ലാത്തയാളാണ് ഭർത്താവെന്ന് കുറിച്ചവരും കൂട്ടത്തിലുണ്ടായിരുന്നു.