ട്രെയിൻ ദുരന്തമൊഴിവാക്കാൻ ചുവന്ന ഷർട്ടഴിച്ച് വീശി അഞ്ചാം ക്ലാസുകാരൻ ; അഭിനന്ദന പ്രവാഹം

Advertisement

പശ്ചിമബംഗാൾ:
ട്രെയിന്‍ ദുരന്തമൊഴിവാക്കാന്‍ അഞ്ചാം ക്ലാസുകാരന്റെ ഇടപെടല്‍ . ബംഗാളിലെ മാള്‍ട്ടയിലാണ് സംഭവം നടന്നത്. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുര്‍സലിനാണ് തന്റെ ചുവന്ന ഷര്‍ട്ടഴിച്ച് വീശി ലോക്കോ പൈലറ്റിന്റെ ശ്രദ്ധയാകര്‍ഷിച്ച് ട്രെയിന്‍ നിര്‍ത്തിച്ച് അപകടമൊഴിവാക്കിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ നിന്ന് റെയില്‍വേ ട്രാക്കിന് സമീപമുള്ള കുളത്തില്‍ മീന്‍ പിടിക്കാന്‍ പോയപ്പോഴാണ് സംഭവം

കുട്ടി മീന്‍ പിടിക്കുകയായിരുന്നു. എന്നാല്‍ ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞിട്ടും മീനൊന്നും കിട്ടിയില്ല. ചുറ്റുപാടും നോക്കിയപ്പോള്‍ കനത്ത മഴയെത്തുടര്‍ന്ന് റെയില്‍വേ ട്രാക്കിന് താഴെ മണ്ണൊലിച്ച് പോയി വലിയ കുഴി രൂപപ്പെട്ടതായി കണ്ടെത്തി. ട്രാക്കിന്റെ ഒരു ഭാഗത്തെ മുഴുവന്‍ മണ്ണും ഒലിച്ചുപോയതായി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ മുര്‍സലിന് അപകടം മനസ്സിലായി. ഇതേസമയം, സില്‍ച്ചാറിലേക്ക് പോകുന്ന കാഞ്ചന്‍ജംഗ എക്‌സ്പ്രസിന്റെ ചൂളംവിളി കേട്ടു. ഉടന്‍ തന്നെ കുട്ടി തന്റെ ചുവന്ന ടീ ഷര്‍ട്ട് അഴിച്ച് ലോക്കോ പൈലറ്റിന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ വേഗത്തില്‍ അത് വീശാന്‍ തുടങ്ങി.

കുട്ടി ഷര്‍ട്ട് വീശുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ട്രെയിന്‍ നിര്‍ത്തി. തുടര്‍ന്ന് അദ്ദേഹം കുഴി പരിശോധിക്കുകയും അധികൃതര്‍ക്ക് സന്ദേശം അയക്കുകയും ചെയ്തു. റെയില്‍വേ ഉദ്യോഗസ്ഥര്‍ എത്തി അറ്റകുറ്റപ്പണികള്‍ നടത്തിയ ശേഷമാണ് ട്രെയിന്‍ പുറപ്പെട്ടത്. കുട്ടിയ്ക്കിപ്പോള്‍ അഭിനന്ദന പ്രവാഹമാണ്

Advertisement