വയനാട്ടില്‍ നിന്നല്ല, ഹൈദരാബാദില്‍ നിന്നും മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിക്കുകയാണ്,അസദുദ്ദിന്‍ ഉവൈസി

Advertisement

ഹൈദരാബാദ്.ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഹൈദരാബാദില്‍ നിന്ന് മത്സരിക്കാന്‍ വയനാട് എംപി രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തുഹാദുല്‍ മുസ്ലിമിന്‍ (എ ഐ എം ഐ എം) നേതാവ് അസദുദ്ദിന്‍ ഉവൈസി.കോണ്‍ഗ്രസ് ഭരണ കാലത്താണ് അയോധ്യയിലെ ബാബറി മസ്ജിദ് ഉള്‍പ്പെടെ തകര്‍ക്കപ്പെട്ടതെന്നും ഉവൈസി പറഞ്ഞു. ഹൈദരാബാദില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഉവൈസി

വയനാട്ടില്‍ നിന്നല്ല, ഹൈദരാബാദില്‍ നിന്നും മത്സരിക്കാന്‍ ഞാന്‍ നിങ്ങളുടെ നേതാവ് രാഹുല്‍ ഗാന്ധിയെ വെല്ലുവിളിക്കുകയാണ്. നിങ്ങള്‍ വലിയ വലിയ പ്രതികരണങ്ങള്‍ നടത്തുകയാണല്ലോ, ഗ്രൗണ്ടിലിറങ്ങി എനിക്കെതിരെ മത്സരിക്കാന്‍ തയ്യാറാകൂ. കോണ്‍ഗ്രസിലെ ആളുകള്‍ പലതും പറയും. പക്ഷേ ഞാന്‍ തയ്യാറാണ്. കോണ്‍ഗ്രസ് ഭരണകാലത്താണ് ബാബറി മസ്ജിദും സെക്രട്ടറിയേറ്റ് പള്ളിയും തകര്‍ത്തത്’,ഉവൈസി പറഞ്ഞു.

നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയില്‍ അടുത്തിടെ ഉവൈസിയുടെ എ ഐ എം ഐ എം അടക്കമുള്ള പാര്‍ട്ടികള്‍ക്കെതിരെ രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചിരുന്നു. ബി ജെ പിയും ഭാരത് രാഷ്ട്ര സമിതിയും എ ഐ എം ഐ എമ്മും വ്യത്യസ്ത പാര്‍ട്ടികളാണെങ്കിലും അവര്‍ ഒറ്റക്കെട്ടായാണ് പോരാടുന്നതെന്നായിരുന്നു രാഹുലിന്റെ ആക്ഷേപം. ‘തെലങ്കാനയില്‍ കോണ്‍ഗ്രസ് ബി ആര്‍ എസിനെതിരെ മാത്രമല്ല ബി ജെ പിയും ഭാരത് രാഷ്ട്ര സമിതിയും എ ഐ എം ഐ എമ്മും ചേര്‍ന്ന കൂട്ടുകെട്ടിനെതിരെയാണ് പോരാടുന്നത്. വ്യത്യസ്ത പാര്‍ട്ടികളാണ് തങ്ങളെന്ന് അവര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഒരുമിച്ചാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്’, രാഹുല്‍ ഗാന്ധി പറഞ്ഞു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനോ എ ഐ എം ഐ എം നേതാവ് അസദുദ്ദീന്‍ ഒവൈസിക്കോ എതിരെ സിബിഐ-ഇഡി കേസുകളൊന്നും ഇല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അവരെ സ്വന്തം ആളുകളായാണ് കണക്കാക്കുന്നതെന്നും രാഹുല്‍ വിമര്‍ശിച്ചിരുന്നു.

Advertisement