തമിഴ്‌നാട്ടിൽ എൻഡിഎ സഖ്യം പിളർന്നു; ബിജെപിയുമായി സഖ്യമില്ലെന്ന് അണ്ണാഡിഎംകെ

Advertisement

ചെന്നൈ:
തമിഴ്‌നാട്ടിൽ എൻഡിഎ സഖ്യം പിളർന്നു. ബിജെപിയുമായി സഖ്യമില്ലെന്ന് അണ്ണാഡിഎംകെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിയുടെ അധ്യക്ഷതയിൽ സംസ്ഥാന-ജില്ലാ നേതാക്കളെ ഉൾപ്പെടുത്തി നടത്തിയ യോഗത്തിനൊടുവിലാണ് തീരുമാനം. ദേശീയതലത്തിലും എൻഡിഎയുമായി സഹകരണമില്ല. ഏകണ്ഠമായാണ് തീരുമാനമെന്നും മുന്നണിയിൽ ഏതൊക്കെ പാർട്ടികളെ ഉൾപ്പെടുത്തണമെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തീരുമാനിക്കുമെന്നും പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കെ പി മുനുസ്വാമി അറിയിച്ചു

മുൻ മുഖ്യമന്ത്രി സിഎൻ അണ്ണാദുരൈയെ കുറിച്ചുള്ള ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈയുടെ പരാമർശത്തെ തുടർന്നാണ് കടുത്ത തീരുമാനം. അണ്ണാഡിഎംകെയുടെ സഖ്യം വേണ്ടെന്ന് നേരത്തെയും അണ്ണാമലൈ പറഞ്ഞിരുന്നു. അന്നുണ്ടായ പ്രശ്‌നങ്ങൾ ബിജെപി ദേശീയ നേതൃത്വം ഇടപെട്ടാണ് പരിഹരിച്ചത്.എൻ ഡി എ സഖ്യത്തിലെ വലിയ കക്ഷികളിൽ ഒന്നായ എ ഐ എ ഡി എം കെ മുന്നണി വിടുന്നത് ബി ജെ പി ക്ക് കനത്ത ആഘാതമായി.

Advertisement