എന്ത് തരത്തിലുള്ള വിദ്യാഭ്യാസമാണ് നിങ്ങൾ നൽകുന്നത്; കുട്ടിയെ സഹപാഠികളെ കൊണ്ട് അടിപ്പിച്ച സംഭവത്തിൽ സുപ്രീം കോടതി

Advertisement

ന്യൂ ഡെൽഹി :ഉത്തർപ്രദേശിലെ മുസഫർനഗറിൽ മുസ്ലിം വിദ്യാർഥിയെ അധ്യാപികയുടെ നിർദേശപ്രകാരം മുഖത്തടിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. സംഭവം സത്യമാണെങ്കിൽ ലജ്ജാകരവും മനഃസാക്ഷിയെ ഞെട്ടിക്കുന്നതുമാണെന്ന് കോടതി നിരീക്ഷിച്ചു. ഈ സംഭവത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്നും കോടതി പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട ഒരു ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ അഭയ് എസ് ഒ കെ, പങ്കജ് മിത്തൽ എന്നിവരുടെ ബെഞ്ച് വിമർശനമുന്നയിച്ചത്

ഒരു സമൂഹത്തെയാണ് അധ്യാപിക ലക്ഷ്യമിടുന്നത്. അധ്യാപകർ വിദ്യാർഥികളെ പഠിപ്പിക്കുന്ന രീതി ഇതാണോ. ഇതാണോ ഗുണനിലവാരമുള്ള വിദ്യാഭ്യാസം. ഈ സംഭവത്തിന്റെ ഉത്തരവാദിത്തം സംസ്ഥാനം ഏറ്റെടുക്കണം. കുട്ടിക്ക് വേണ്ടി സ്‌കൂൾ ഏതെങ്കിലും കൗൺസിലറെ നിയമിച്ചിട്ടുണ്ടോ. ഈ സംഭവം നടന്നിട്ടുണ്ടെങ്കിൽ അത് സംസ്ഥാനത്തിന്റെ മനഃസാക്ഷിയെ നടുക്കേണ്ടതാണ്. ഇത് ഗുരുതരമായ പ്രശ്‌നമാണ്.

ഒരു കുട്ടി പ്രത്യേക മതത്തിൽപ്പെട്ട ആളായതു കൊണ്ട് അടിക്കാനുള്ള നിർദേശം നൽകാമെന്നാണോ. എന്ത് തരത്തിലുള്ള വിദ്യാഭ്യാസമാണ് നിങ്ങൾ കുട്ടികൾക്ക് നൽകുന്നത്. നിലവാരമുള്ള വിദ്യാഭ്യാസമെന്ന് പറയുമ്പോൾ മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കാനുള്ള വിദ്യാഭ്യാസമെന്ന് കൂടി അർഥമുണ്ട്. മതത്തിന്റെ പേരിൽ കുട്ടികൾ ആക്രമിക്കപ്പെടുന്ന സ്‌കൂളുകളിൽ നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പായും ലഭിക്കില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു.