മധ്യപ്രദേശില്‍ പരാജയഭീതി ; കേന്ദ്രമന്ത്രിമാരെയും എംപിമാരെയും സ്ഥാനാർഥികളാക്കി ബിജെപി

Advertisement

ന്യൂഡൽഹി
മധ്യപ്രദേശ്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജഭീതി നേരിടുന്ന ബിജെപി മൂന്ന്‌ കേന്ദ്രമന്ത്രിമാരെയും നാല്‌ എംപിമാരെയും സ്ഥാനാർഥികളായി പ്രഖ്യാപിച്ചു. നാലു തവണയായി പതിനെട്ടര വർഷം മുഖ്യമന്ത്രിയായ ചൗഹാന്‌ ഇത്തവണ സീറ്റ്‌ നൽകില്ലെന്നാണ്‌ സൂചന. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ്‌ തോമർ മൊറോന ജില്ലയിലെ ദിമാനിയിലും ഭക്ഷ്യസംസ്‌കരണ സഹമന്ത്രി പ്രഹ്ലാദ്‌സിങ്‌ പട്ടേൽ നരസിങ്‌പുരിലും ഗ്രാമവികസന മന്ത്രി ഫഗ്ഗൻസിങ്‌ കുലസ്‌തെ നിവാസിലും മത്സരിക്കും.

എംപിമാരായ ഗണേഷ്‌സിങ്‌ (സത്‌ന), രാകേഷ്‌ സിങ്‌ (ജബൽപുർ വെസ്റ്റ്‌), റിതി പഥക്‌ (സിദ്ധി), ഉദയ്‌പ്രതാപ്‌ സിങ്‌ (ഗദർവാര) എന്നിവരും ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ്‌ വിജയ്‌വർഗീയ (ഇൻഡോർ ഒന്ന്‌) യും രണ്ടാംഘട്ട സ്ഥാനാർഥിപ്പട്ടികയിലുണ്ട്. കഴിഞ്ഞ തവണ കോൺഗ്രസ്‌ ജയിച്ച 36 സീറ്റ്‌ ഉൾപ്പെടുന്ന 39 മണ്ഡലത്തിലെ സ്ഥാനാർഥികളെയാണ്‌ ബിജെപി രണ്ടാം ഘട്ടത്തിൽ പ്രഖ്യാപിച്ചത്‌. ഒന്നാംഘട്ടമായി 39 സ്ഥാനാർഥികളെ ആഗസ്‌തിൽ പ്രഖ്യാപിച്ചു. ചൊവ്വാഴ്‌ച ഒരു സ്ഥാനാർഥിയുടെ പേരുകൂടി പുറത്തുവിട്ടു.

രാജ്യസഭാംഗങ്ങൾ അടക്കം കൂടുതൽ എംപിമാരോട്‌ മത്സരത്തിന്‌ തയ്യാറെടുക്കാൻ ദേശീയനേതൃത്വം നിർദേശിച്ചതായി റിപ്പോര്‍ട്ടുണ്ട്. മുഖ്യമന്ത്രി ശിവ്‌രാജ്‌സിങ്‌ ചൗഹാനും സംസ്ഥാന സർക്കാരിനും എതിരായ ജനരോഷം മറികടക്കാൻ പ്രധാനമന്ത്രി മോദി നേരിട്ട്‌ പ്രചാരണം നയിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ബിജെപി ഒന്നരവർഷത്തിനുശേഷം ജ്യോതിരാദിത്യ സിന്ധ്യയെയും അനുയായികളായ 22 എംഎൽഎമാരെയും ചാക്കിട്ടുപിടിച്ചാണ്‌ ഭരണം അട്ടിമറിച്ചത്‌. ബിജെപിയുടെ സ്ഥാനാർഥിപ്പട്ടിക അവർ പരാജയം സമ്മതിച്ചതിന്‌ തെളിവാണെന്ന്‌ പിസിസി പ്രസിഡന്റ്‌ കമൽനാഥ്‌ പ്രതികരിച്ചു.

Advertisement