ബലാത്സംഗത്തിന് ഇരയായി പന്ത്രണ്ടുകാരി; ചോരയൊലിപ്പിച്ച് വാതിലിൽ മുട്ടി, ആട്ടിപ്പായിച്ച് നാട്ടുകാർ

Advertisement

ഉജ്ജയിൻ: മധ്യപ്രദേശിലെ ഉജ്ജയിനിൽ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി ചോരയൊലിപ്പിച്ച് അലറിക്കരഞ്ഞ് വാതിലിൽ മുട്ടിയിട്ടും സഹായിക്കാതെ ആട്ടിപ്പായിച്ച് നാട്ടുകാർ. ബലാത്സംഗത്തിന് ഇരയായ പന്ത്രണ്ടുകാരിയെയാണ് സഹായം അഭ്യർഥിച്ച് എത്തിയപ്പോൾ നാട്ടുകാർ ആട്ടിപ്പായിച്ചത്.

പെൺകുട്ടി അർധനഗ്നയായി ചോരയൊലിപ്പിച്ച് ഓരോ വീടിന്റെയും വാതിലിൽ മുട്ടുന്ന ചിത്രം പുറത്തുവന്നിരുന്നു. സഹായം അഭ്യർഥിച്ച് എത്തിയപ്പോൾ ഒരാൾ പെൺകുട്ടിയെ ആട്ടിപ്പായിക്കുകയും ചെയ്തു. മധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്ന് 15 കിലോമീറ്റർ അകലെ ബാഗ്നഗർ റോഡിലെ സിസിടിവിയിലാണ് ഇത്തരത്തിൽ ദൃശ്യം ലഭിച്ചത്.

ഒരു തുണിക്കഷ്ണം കൊണ്ട് ശരീരം മറച്ചിരുന്ന പെൺകുട്ടി അലഞ്ഞുനടന്ന് ഒരു ആശ്രമത്തിലെത്തി. അവിടെയുണ്ടായിരുന്ന പുരോഹിതനാണ്, പെൺകുട്ടി ബലാത്സംഗത്തിന് ഇരയായെന്ന് തിരിച്ചറിയുകയും അവളെ ഒരു ടവലിൽ പൊതിഞ്ഞ് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് നടന്ന പരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. മുറിവുകൾ‌ ഗുരുതരമായതിനെ തുടർന്ന് ഇൻഡോറിലെ ആശുപത്രിയിലേക്ക് മാറ്റി.

സംഭവുമായി ബന്ധപ്പെട്ട് പൊലീസ് പോക്സോ കേസ് റജിസ്റ്റർ ചെയ്തു. പ്രതിയെ കണ്ടെത്താനായിട്ടില്ല. പ്രതിയെ എത്രയും പെട്ടെന്ന് കണ്ടെത്താനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഉജ്ജയിൻ പൊലീസ് മേധാവി സച്ചിൻ ശർമ അറിയിച്ചു.
പെൺകുട്ടി എവിടെനിന്നാണെന്ന് തിരിച്ചറിയാനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. എന്നാൽ ഉത്തർപ്രദേശിലെ പ്രഗ്യരാജിൽ നിന്നാണെന്നാണ് ഭാഷയിൽനിന്നും മനസ്സിലാകുന്നതെന്നും പൊലീസ് അറിയിച്ചു.