100 കോടിയുടെ ഓഹരി സ്വന്തം; ആഡംബരമില്ല, ട്രൗസർ മാത്രമിട്ട് ഗ്രാമീണൻ, വിഡിയോ വൈറൽ

Advertisement

മുംബൈ: ∙ സാമ്പത്തിക ചുറ്റുപാടുകൾ ഉയർന്നതാണെങ്കിലും ലളിത ജീവിതം നയിക്കുന്ന നിരവധിപ്പേരെ നാം കണ്ടിട്ടുണ്ട്. എന്നാൽ ശതകോടീശ്വരനായ ഒരാൾ തനിഗ്രാമീണനായി ജീവിക്കുന്നതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? ഓഹരി വിപണിയിൽ 100 കോടി രൂപയിലേറെ നിക്ഷേപമുള്ള ഒരാൾ ആഡംബരങ്ങൾ പൂർണമായും ഒഴിവാക്കി ജീവിക്കുന്ന കാഴ്ച സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

എൽ ആൻഡ് ടിയിൽ 80 കോടിരൂപ മൂല്യമുള്ള ഓഹരി, അൾട്രാടെക് സിമന്റിൽ 21 കോടി, കർണാടക ബാങ്കിൽ 1 കോടി… എന്നിങ്ങനെ പോകുന്നു ഈ ഗ്രാമീണന്റെ നിക്ഷേപം. എന്നിട്ടും വസ്ത്രധാരണത്തിലും സംസാരത്തിലും തനി നാടനായ അദ്ദേഹത്തെ മാതൃകയാക്കുകയെന്നത് ഇന്നത്തെ തലമുറയ്ക്ക് അസാധ്യമെന്നുതന്നെ പറയേണ്ടിവരും. രാജിവ് മേത്ത എന്നയാളാണ് എക്സിൽ വിഡിയോ പങ്കുവച്ചത്. ധനികനായ ഗ്രാമീണന്റെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

തനിക്കുള്ള ഓഹരി നിക്ഷേപത്തിനു പുറമെ വർഷംതോറും 6 ലക്ഷം രൂപ ലാഭവിഹിതമായി ലഭിക്കുന്നുണ്ടെന്നും ഇദ്ദേഹം പറയുന്നു. കഴിഞ്ഞ ദിവസം പോസ്റ്റു ചെയ്ത വിഡിയോ ഇതിനോടകം 12 ലക്ഷം പേർ കണ്ടു. വിഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളാണ് നിറയുന്നത്. സമ്പത്ത്, ജീവിതരീതി, നിക്ഷേപ സാധ്യതകൾ എന്നിവയെക്കുറിച്ചെല്ലാം നിരവധി കമന്റുകൾ വന്നു. കണക്കുകൾ കൃത്യമല്ലെന്നും അദ്ദേഹത്തിന്റെ വാർഷിക ലാഭവിഹിതം പറഞ്ഞതിൽ കൂടുതലാകാനാണ് സാധ്യതയെന്നും ചിലർ ചൂണ്ടിക്കാട്ടി.

നിക്ഷേപകർ അദ്ദേഹത്തിൻറെ രീതി കണ്ടുപഠിക്കണമെന്ന രീതിയിലാണ് കൂടുതൽ കമന്റുകളും. ക്യാപിറ്റൽ മൈൻഡ് സ്ഥാപകനും സിഇഒയുമായ‌ ദീപക് ഷേണോയ് ഉൾപ്പെടെയുള്ളവരും കമന്റുമായി രംഗത്തെത്തി. ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നവർ അദ്ദേഹത്തെപ്പോലെ ക്ഷമ കാണിക്കണമെന്നും എങ്കിൽ മാത്രമെ വലിയ ലാഭം നേടാനാകൂ എന്നും, ചെറിയ ഇടിവ് വരുമ്പോഴേക്കും ഓഹരി വിൽക്കുന്നത് നല്ല രീതിയല്ലെന്നും കമന്റിൽ പറയുന്നു. ദീർഘകാല നിക്ഷേപങ്ങൾ വലിയ സാമ്പത്തിക നേട്ടമുണ്ടാക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.