വിഡിയോ കോള്‍ ചെയ്ത് എന്‍ജിന്‍ ത്രോട്ടിലില്‍ ബാഗ് വച്ചു; പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി ട്രെയിന്‍- വിഡിയോ

Advertisement

മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ ജീവനക്കാരന്റെ അശ്രദ്ധ മൂലം യാത്രാ ട്രെയിന്‍ പാളംതെറ്റി പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചു കയറി. യാത്രക്കാര്‍ എല്ലാവരും പുറത്തിറങ്ങിയതിനു ശേഷം അപകടം നടന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി.

ഒരു സ്ത്രീക്കു പരുക്കേറ്റു. മഥുര ജംക് ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ട്രെയിനിലെ സെക്യൂരിറ്റി ക്യാമറയില്‍നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നു.

സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ എന്‍ജിന്‍ ക്യാബിനിലേക്ക് ആരെയോ വിഡിയോ കോള്‍ ചെയ്തുകൊണ്ട് സച്ചിന്‍ എന്ന ജീവനക്കാരന്‍ കയറുന്നതാണു വിഡിയോയിലുള്ളത്. തുടര്‍ന്ന് ഇയാള്‍ എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കുന്ന ഭാഗത്തു (ത്രോട്ടില്‍) തന്റെ ബാഗ് വച്ചു. ഇതിന്റെ സമ്മര്‍ദത്തില്‍ എന്‍ജിന്‍ മുന്നോട്ടുകുതിച്ച് മുന്നിലെ തടസങ്ങള്‍ തകര്‍ത്ത് പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഈ സമയത്തും സച്ചിന്‍ ഫോണ്‍ വിളി തുടരുന്നതു വിഡിയോയില്‍ കാണാം.

സംഭവവുമായി ബന്ധപ്പെട്ട് സച്ചിന്‍ ഉള്‍പ്പെടെ അഞ്ചു പേരെ സസ്‌പെന്‍ഡ് ചെയ്തതായി ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ തേജ് പ്രകാശ് അഗര്‍വാള്‍ പറഞ്ഞു. ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടെന്നും അദ്ദേഹം പറഞ്ഞു. സച്ചിന്‍ മദ്യപിച്ചിരുന്നോ എന്ന് അന്വേഷിക്കുന്നതിനായി രക്തസാംപിള്‍ ശേഖരിച്ചതായും അധികൃതര്‍ പറഞ്ഞു.

Advertisement