ചെന്നൈ: ടൂറിസ്റ്റ് ബസ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് 8 പേർ മരിച്ച സംഭവത്തിൽ അനുശോചനം അറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കുമുള്ള അടിയന്തര ധനസഹായവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും നിസാര പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
ഊട്ടി കൂനൂർ മരപ്പാലത്തിന് സമീപമാണ് അപകടം ഉണ്ടായത്. ബസിൽ 54 പേർ യാത്ര ചെയ്തിരുന്നുവെന്നാണ് വിവരം. ഇതിൽ 30ലധികം പേരെ കൂനൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4 പേരുടെ നില ഗുരുതരമാണ്.
വി നിതിൻ (15), എസ് ബേബികല (36), എസ് മുരുഗേശൻ (65), പി മുപ്പിഡത്തേ (67), ആർ കൗസല്യ (29) എന്നിവരാണു മരിച്ച അഞ്ചുപേർ. മരണപ്പെട്ടവരിൽ മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല.