ഉത്തര്‍പ്രദേശ്: യുപിയിലെ ചമ്രഹ ഗ്രാമത്തില്‍ സ്ത്രീയുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍കണ്ടെത്തി. മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലയിലെ പഹ്റ ഗ്രാമവാസിയായ രാംകുമാര്‍ അഹിര്‍വാറിന്റെ ഭാര്യ മായാ ദേവിയാണ് കൊല്ലപ്പെട്ടത്.ഇവരുടെ നാല് വിരലുകളും അറുത്തു മാറ്റിയ നിലയിലായിരുന്നു.
മൃതദേഹത്തില്‍ ഭാഗികമായി മാത്രമാണ് വസ്ത്രം ഉണ്ടായിരുന്നതെന്നും മൃതദേഹം കിടന്നിടത്തു നിന്നും കുറച്ച് അകലെ നിന്നാണ് തല കണ്ടെത്തിയതെന്നും പോലീസ് സൂപ്രണ്ട് അങ്കുര്‍ അഗര്‍വാള്‍ പറഞ്ഞു.
പ്രഥമദൃഷ്ട്യാ നടത്തിയ അന്വേഷണത്തില്‍ വീട്ടുകാരെയാണ് പോലീസ് സംശയിച്ചത്. തുടര്‍ന്ന് മായാദേവിയുടെ ഭര്‍ത്താവ് രാംകുമാര്‍, രാംകുമാറിന്റെ ആദ്യ ഭാര്യയിലെ മക്കളായ സൂരജ് പ്രകാശ്, ബ്രിജേഷ്, അനന്തരവന്‍ ഉദൈഭന്‍ എന്നിവരെ ചോദ്യം ചെയ്തു. കൊലപാതകം നടത്തിയത് തങ്ങളാണെന്ന് ഇവര്‍ സമ്മതിച്ചതായി പോലീസ് സൂപ്രണ്ട് പറഞ്ഞു.
മായാദേവി തന്റെ രണ്ടാം ഭാര്യയാണെന്നും തന്റെ ആദ്യഭാര്യയിലെ ഒരു മകനുമായി അവിഹിതബന്ധം പുലര്‍ത്തിയിരുന്നതായും മറ്റൊരു മകനുമായും ബന്ധം ആരംഭിക്കാന്‍ ആഗ്രഹിച്ചിരുന്നതായും രാംകുമാര്‍ പോലീസിനോട് പറഞ്ഞു. ഇതില്‍ പ്രകോപിതരായ നാലുപേരും ചേര്‍ന്ന് മായാദേവിയെ കൊലപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കുകയായിരുന്നു.
ഒരു വാഹനത്തില്‍ മായാദേവിയെ ചമ്രഹ ഗ്രാമത്തിലേക്ക് കൊണ്ടുപോയി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും കോടാലി കൊണ്ട് തല അറുത്തു മാറ്റുകയും ചെയ്തു. പിന്നീട് മായാദേവിയുടെ നാല് വിരലുകളും മുറിച്ചു മാറ്റുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച വാഹനവും കോടാലിയും പോലീസ് കണ്ടെടുത്തതായി എസ്പി പറഞ്ഞു.