വൈറലായി രാഹുൽ ഗാന്ധിയുടെ ഫോട്ടോ; ഓസ്ട്രേലിയൻ ടൂറിസ്റ്റ് പകർത്തിയ ചിത്രത്തിന് പിന്നിൽ

Advertisement

എഐ (ആർട്ടിഫിഷ്യൽ ഇൻറലിജൻസ്) സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരുക്കിയ നരേന്ദ്ര മോദിയുടെ ഒരു ചിത്രം അടുത്തിടെ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ ചിത്രം കർണാടകയിലെ ഗോകർണത്ത് നിന്ന് ഫ്രഞ്ച് ടൂറിസ്റ്റ് പകർത്തിയതാണ് എന്നായിരുന്നു പ്രചാരണം.

കടൽത്തീരത്തെ തെങ്ങുകളും ആകാശത്തെ മേഘങ്ങളും ചേർന്ന് മോദിയുടെ രൂപത്തിലുള്ള ചിത്രം പ്രകൃതിയാലൊരുക്കി എന്നായിരുന്നു ചിത്രം സഹിതമുള്ള പ്രചാരണം. ഇതിനോട് സാമ്യമുള്ള രാഹുൽ ഗാന്ധിയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ഈ വൈറൽ ചിത്രവും എഐ ആണോ അതോ യഥാർഥമോ?

ഗോവയിലെ കോൾവ ബീച്ചിൽ നിന്ന് ഓസ്ട്രേലിയൻ ടൂറിസ്റ്റ് പകർത്തിയതാണ് രാഹുൽ ഗാന്ധിയുടെ ചിത്രമെന്നാണ് Ductar Fakir 2.0 എന്ന യൂസർ ട്വീറ്റ് ചെയ്‌തത്. സെപ്റ്റംബർ 27-ാം തിയതിയായിരുന്നു ഈ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. ഇത് എല്ലാവരിലേക്കും ഷെയർ ചെയ്യാനുള്ള ആഹ്വാനവും ട്വീറ്റിനൊപ്പമുണ്ടായിരുന്നു. മൂന്ന് ലക്ഷത്തിലേറെ പേർ ഈ ചിത്രം ഇതിനകം കണ്ടു. ഗോവയിലെ കോൾവ ബീച്ചിൽ നിന്ന് പകർത്തിയ ചിത്രമാണോ ഇതെന്ന് നമുക്ക് നോക്കാം.

രാഹുൽ ഗാന്ധിയുടേതായി പ്രചരിക്കുന്ന ചിത്രവും എഐ സാങ്കേതിക വിദ്യയുടെ (ആർട്ടിഫിഷ്യൽ ഇൻറലിജൻസ്) സഹായത്തോടെ തയ്യാറാക്കിയതാണ് എന്നതാണ് വസ്‌തുത. ഇക്കാര്യം ട്വീറ്റ് ചെയ്‌തയാൾ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് ട്വിറ്റർ അക്കൗണ്ടിൽ നടത്തിയ പരിശോധനയിൽ വ്യക്തമായി. നരേന്ദ്ര മോദിയുടെ എഐ ചിത്രത്തെ പൊളിക്കാൻ തമാശരൂപേഷ ചെയ്തതാണ് ഈ ട്വീറ്റ് എന്നും ഇയാൾ പിന്നീടൊരു ട്വീറ്റിലൂടെ വിശദീകരിക്കുന്നു. എന്നാൽ ചിത്രം കണ്ട് ചിലരെങ്കിലും വിശ്വസിച്ചു എന്നതാണ് സത്യം. ഏറെ തമാശകൾ പങ്കുവെക്കപ്പെടുന്ന പാരഡി ട്വിറ്റർ അക്കൗണ്ടാണിത് എന്നും പരിശോധിച്ചപ്പോൾ വ്യക്തമായി. ഇതോടെ, രാഹുൽ ഗാന്ധിയുടേതായി പ്രത്യക്ഷപ്പെട്ടിരിക്കുന്ന ചിത്രം ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മാർഗത്തിലൂടെ തയ്യാറാക്കിയ ഗ്രാഫിക്‌സാണ് എന്ന് തെളിഞ്ഞിരിക്കുകയാണ്.

Advertisement