ബിഹാറിൽ പിന്നാക്കക്കാർ 63%; ജാതി സെൻസസ് റിപ്പോർട്ട് പുറത്തുവിട്ട് നിതീഷ്

Advertisement

പട്ന: സംസ്ഥാനത്തു നടത്തിയ ജാതി സെൻസസിന്റെ ഫലം പുറത്തുവിട്ട് ബിഹാർ സർക്കാർ. സംസ്ഥാനത്തെ ജനസംഖ്യയുടെ 36 % അതിപിന്നാക്ക വിഭാഗങ്ങളിൽനിന്നുള്ളവരാണെന്നു റിപ്പോർട്ടിൽ പ്രധാന കണ്ടെത്തലായി പറയുന്നു.

27.12% പിന്നാക്ക വിഭാഗത്തിൽനിന്നുള്ളവരും 19.7% പട്ടികജാതി വിഭാഗത്തിൽനിന്നുള്ളവരുമാണെന്നു സെൻസസ് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ജാതി സെൻസസ് നടത്തുന്നതിന്റെ സാധുതയെക്കുറിച്ചുള്ള ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

സംസ്ഥാനത്ത് 81.99% ഹിന്ദുക്കളുണ്ട്. മുസ്‌ലിം ജനസംഖ്യ 17.70% ആണ്. പട്ടികവർഗം 19.65%, യാദവ വിഭാഗം 14%, മുസാഹർ 3%, ബ്രാഹ്മണർ 3.65%, ക്രിസ്ത്യാനികൾ 0.05%, സിഖ് വിശ്വാസികൾ 0.01%, ബുദ്ധമതവിശ്വാസികൾ 0.08%, മറ്റു മതവിശ്വാസികൾ എല്ലാവരും കൂടി 0.12%, കുഷ്വാഹ 4.27%, കുർമി 2.87% എന്നിങ്ങനെയുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ആകെ 38 ജില്ലകളുള്ള ബിഹാറിന്റെ ജനസംഖ്യ 12.70 കോടിയാണ്. അതി പിന്നാക്ക, മറ്റു പിന്നാക്ക വിഭാഗങ്ങളിൽപ്പെടുന്നവർ ആകെ ബിഹാർ ജനസംഖ്യയുടെ 63% വരും. നിതീഷ് കുമാർ കുർമി വിഭാഗമാണ്.

ജനുവരി ഏഴിനാണ് രണ്ടു ഘട്ടങ്ങളുള്ള സെൻസസ് ബിഹാർ സർക്കാർ ആരംഭിച്ചത്. ജാതി സെൻസസിനൊപ്പം ഓരോ കുടുംബത്തിന്റെയും സാമ്പത്തിക സ്ഥിതിയും രേഖപ്പെടുത്തിയിട്ടുണ്ട്. 2011ൽ കേന്ദ്ര സർക്കാർ ജാതി സെൻസസ് എടുത്തിരുന്നെങ്കിലും അതിന്റെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Advertisement