ജയ്പുർ: ഉദയ്പർ- ജയ്പുർ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. സെമി ഹൈ സ്പീഡ് ട്രെയിൻ സഞ്ചരിക്കുന്ന പാളത്തിൽ കല്ലുകളും മറ്റു വസ്തുക്കളും കയറ്റി വച്ചാണ് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമിച്ചത്. എന്നാൽ പാളത്തിലെ കല്ലുകൾ ലോകോ പൈലറ്റ് കണ്ടതോടെ വൻ അപകടം ഒഴിവായി. ഗാംഗ്ര- സോനിയാന സെക്ഷനിലെ പാളത്തിലാണ് അട്ടിമറി ശ്രമം ഉണ്ടായത്. രാവിലെ 9,55നാണ് ലോകോ പൈലറ്റ് ട്രാക്കിലെ കല്ലുകൾ കണ്ട് വേഗത്തിൽ ബ്രേക്ക് പിടിച്ച് ട്രെയിൻ നിർത്തിയത്. റെയിൽവേ പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രധാനമന്ത്രി രാജസ്ഥാനിലുള്ള ദിവസമാണ് വന്ദേഭാരത് അട്ടിമറിക്കാൻ ശ്രമിച്ചതെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ സെപ്റ്റംബർ 24നാണ് പ്രധാനമന്ത്രി ഉദയ്പുർ- ജയ്പുർ വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്തത്. ആറു മണിക്കൂർ 15 മിനിറ്റ് കൊണ്ട് 435 കിലോമീറ്ററാണ് ഉദയ്പുർ- ജയ്പുർ വന്ദേഭാരത് യാത്ര ചെയ്യുന്നത്. വന്ദേഭാരത് ട്രെയിനുകൾ നിരന്തരമായി ഇത്തരത്തിൽ ആക്രമിക്കപ്പെടുന്നതിൽ യാത്രക്കാർക്ക് ആശങ്കയുണ്ട്.
കഴിഞ്ഞ ജനുവരിയിൽ പശ്ചിമബംഗാളിലുണ്ടായ ആക്രമണത്തിൽ ഓടിക്കൊണ്ടിരുന്ന വന്ദേഭാരത് ട്രെയിനിന്‍റെ ജനൽച്ചില്ലകൾ തകർന്നിരുന്നു. വിശാഖപട്ടണത്തും വന്ദേഭാരതിനു നേർക്ക് കല്ലേറുണ്ടായിരുന്നു