ശ്രീദേവിയുടെ മരണ കാരണം ഇതായിരുന്നു: ആദ്യമായി വെളിപ്പെടുത്തി ബോണി കപൂർ

Advertisement

മുംബൈ: 2018ലാണ് നടി ശ്രീദേവി അന്തരിച്ചത്. ദുബായിലെ ശ്രീദേവി താമസിച്ചിരുന്ന ഹോട്ടൽ മുറിയിലെ ബാത്ത് ടബ്ബിലാണ് നടിയെ അന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്.

അബദ്ധത്തിൽ സംഭവിച്ച മുങ്ങിമരണം എന്നാണ് പിന്നീട് പൊലീസ് ഇതിന് കാരണം കണ്ടെത്തിയത്. എന്നാൽ ശ്രീദേവിയുടെ മരണം മുതൽ നിരവധി ഗൂഢാലോചന സിദ്ധാന്തങ്ങൾ ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് ഉയർന്നിരുന്നു.

അന്ന് ശ്രീദേവി മരിച്ച ദിവസം അവരുടെ ഭർത്താവും നിർമ്മാതാവുമായ ബോണി കപൂർ അവർക്കൊപ്പം ഉണ്ടായിരുന്നു. എന്നാൽ മരണത്തിന് ശേഷം ശ്രീദേവിയുടെ മരണം സംബന്ധിച്ച് ഒരു മാധ്യമത്തിലും ബോണി കപൂർ പ്രതികരിച്ചിരുന്നില്ല. എന്നാൽ അന്ന് ശ്രീദേവിയുടെ മരണത്തിന് ശേഷം സംഭവിച്ച കാര്യങ്ങൾ വെളിപ്പെടുത്തുകയാണ് ബോണി ആദ്യമായി.

ന്യൂ ഇന്ത്യന് നൽകിയ അഭിമുഖത്തിലാണ് ബോണി ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വെളിപ്പെടുത്തുന്നത്. “അവൾ പലപ്പോഴും പട്ടിണി കിടക്കുമായിരുന്നു. തൻറെ ശരീരം എന്നും ഫിറ്റായി നിൽക്കുമെന്നാണ് അവൾ കരുതിയത്. അതിനാലാണ് ശ്രീദേവി ഓൺ-സ്‌ക്രീനിൽ നന്നായി കാണപ്പെട്ടിരുന്നത്. അവൾ എന്നെ വിവാഹം കഴിച്ച സമയം മുതൽ, അവൾക്ക് രണ്ട് തവണ ബ്ലാക്ക് ഔട്ട് ഉണ്ടായിരുന്നു. അവൾക്ക് കുറഞ്ഞ ബിപി പ്രശ്നമുണ്ടെന്ന് ഡോക്ടർ അന്നെ കണ്ടെത്തിയിരുന്നു. ബാത്ത് ടബ്ബിൽ മുങ്ങാനുള്ള കാരണവും ഈ ബിപി പ്രശ്നത്തിൽ ഉണ്ടായ ബ്ലാക്ക് ഔട്ടായിരുന്നു – ബോണി പറഞ്ഞു.

ശ്രീദേവിയുടെ മരണത്തിന് ശേഷം 48 മണിക്കൂർ താൻ ദുബായ് പൊലീസിൻറെ കസ്റ്റഡിയിൽ ചോദ്യം ചെയ്യപ്പെട്ടത് എങ്ങനെയെന്നും ബോണി വെളിപ്പെടുത്തി. “അതൊരു സ്വാഭാവിക മരണമല്ല; അതൊരു അപകട മരണമായിരുന്നു. എന്നെ 48 മണിക്കൂർ വിശദമായി ചോദ്യം ചെയ്തു. അതിനാൽ തന്നെ അന്നത്തെ അനുഭവത്തെക്കുറിച്ച് പിന്നെ പറയേണ്ടതില്ലെന്ന് തീരുമാനിച്ചു.

ഇന്ത്യൻ മാധ്യമങ്ങളിൽ നിന്ന് വളരെയധികം സമ്മർദ്ദം ഉള്ളതിനാലാണ് കടുത്ത ചോദ്യം ചെയ്യൽ നടത്തിയതെന്ന് ദുബായി പൊലീസ് ഉദ്യോഗസ്ഥർ പിന്നീട് പറഞ്ഞു. ശ്രീദേവിയുടെ മരണത്തിൽ അസ്വഭാവികതയില്ലെന്ന് അവർ കണ്ടെത്തി. നുണപരിശോധന ഉൾപ്പെടെയുള്ള എല്ലാ പരിശോധനകളും എൻറെ മുകളിൽ നടത്തി. ശ്രീവേദിയുടെ മരണം സംബന്ധിച്ച റിപ്പോർട്ടിൽ അത് അപകട മരണമാണെന്ന് വ്യക്തമായി പറയുന്നുണ്ട്” – ബോണി അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

ശ്രീദേവിയുടെ മരണത്തിന് ശേഷം അനുശോചനം അറിയിക്കാൻ ഒരിക്കൽ തെലുങ്ക് സൂപ്പർതാരം നാഗാർജുന വീട്ടിൽ വന്നിരുന്നു. പതിറ്റാണ്ടുകൾക്ക് മുൻപ് ഇത്തരത്തിലുള്ള ഡയറ്റ് കാരണം ബിപി കുറഞ്ഞ് ബ്ലാക്ക് ഔട്ടായി ശ്രീദേവി ബാത്ത് റൂമിൽ വീണിട്ടുണ്ടെന്നും അന്ന് പല്ല് പൊട്ടിയെന്നും അദ്ദേഹവും പറഞ്ഞതായി ബോണി അഭിമുഖത്തിൽ പറയുന്നു.