ന്യൂഡൽഹി: ഡൽഹിയിൽനിന്നും ഉത്തർപ്രദേശിൽനിന്നും ഇന്നലെ പിടിയിലായ ഐഎസ് ഭീകരർ എൻജിനീയറിങ് ബിരുദധാരികളാണെന്നും ബോംബ് നിർമാണത്തിൽ വൈദഗ്ധ്യം നേടിയിട്ടുള്ളവരാണെന്നും പൊലീസ്. ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന മുഹമ്മദ് ഷാനവാസ്, ഇയാളുടെ കൂട്ടാളികളായ മുഹമ്മദ് റിസ്‌വാൻ അഷ്‌റഫ്, മുഹമ്മദ് അർഷാദ് വാർസി എന്നിവരാണ് അറസ്റ്റിലായത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന സ്‌ഫോടനങ്ങളിൽ പ്രധാന പങ്കുവഹിച്ച ഷാനവാസിനെയും മറ്റു രണ്ടു പേരെയും കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ കഴിഞ്ഞ മാസം മൂന്നു ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഝാർഖണ്ഡിലെ ഹസാരിബാഗ് സ്വദേശിയാണ് ഷാനവാസ് എന്ന് പൊലീസ് പറഞ്ഞു. മൈനിങ് എൻജിനീയറിങ് പഠിച്ച ഇയാൾക്ക് സ്ഫോടനങ്ങൾ നടത്തുന്നതിനെക്കുറിച്ച് ഗ്രാഹ്യമുണ്ടായിരുന്നു. ഇയാളുടെ ഭാര്യ വിവാഹത്തിന് മുൻപാണ് ഇസ്‌ലാം മതം സ്വീകരിച്ചത്. അവർ ഇപ്പോൾ ഒളിവിലാണ്. മുഹമ്മദ് അർഷാദ് വാർസിയും ജാർഖണ്ഡ് സ്വദേശിയാണ്. അലിഗഡ് സർവകലാശാലയിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിടെക് പൂർത്തിയാക്കിയ ഇയാൾ, ഡൽഹിയിലെ ജാമിയ മിലിയ സർവകലാശാലയിൽ ഗവേഷണ വിദ്യാർഥിയായിരുന്നു. മുഹമ്മദ് റിസ്‌വാൻ അഷ്‌റഫ് കംപ്യൂട്ടർ സയൻസിൽ ബിടെക് ബിരുദധാരിയാണ്. ഉത്തർപ്രദേശിലെ അസംഗഢ് സ്വദേശിയാണ് ഇയാൾ.
ഷാനവാസടക്കം മൂന്നു പേരുടെ ചോദ്യംചെയ്യൽ തുടരുകയാണ്. ഷാനവാസിനെ ഡൽഹി ജയ്ത്പുരിൽ നിന്നും റിസ്‌വാൻ, അർഷാദ് എന്നിവരെ യഥാക്രമം ഉത്തർപ്രദേശിലെ ലക്‌നൗവിൽനിന്നും മൊറാദാബാദിൽനിന്നുമാണ് പിടികൂടിയത്. ഷാനവാസിന്റെ ഡൽഹിയിലെ ഒളിത്താവളത്തിൽനിന്നു തോക്ക്, ബോംബ് നിർമാണത്തിന് ഉപയോഗിക്കുന്ന സാമഗ്രികൾ, രാസവസ്തുക്കൾ, പാക്കിസ്ഥാനിൽനിന്നുള്ള ജിഹാദി പുസ്തകങ്ങൾ എന്നിവ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
ഷാനവാസ് ഉന്നത രാഷ്ട്രീയ നേതാക്കളെ വധിക്കാൻ ലക്ഷ്യമിട്ടിരുന്നെന്നും ഡൽഹി പൊലീസ് പറഞ്ഞു. മുംബൈ, ഗുജറാത്ത്, ഗാന്ധിനഗർ എന്നിവിടങ്ങളിലെ വിവിഐപികളെയും രാഷ്ട്രീയ നേതാക്കളെയും ഷാനവാസ് ലക്ഷ്യമിട്ടെന്നാണ് പൊലീസിൻറെ കണ്ടെത്തൽ. ഡൽഹി, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ പരീക്ഷണ സ്ഫോടനങ്ങൾ സംഘം നടത്തി. പാക്ക് ചാരസംഘടനയുടെ സഹായം ഭീകരർക്ക് കിട്ടിയെന്നും പൊലീസ് പറയുന്നു. മൂന്നു പ്രതികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രഹസ്യാന്വേഷണം നടത്തുകയും ഐഎസ് ഹാൻഡലറുമായി നിരന്തരം സമ്പർക്കം പുലർത്തുകയും പതിവായി റിപ്പോർട്ടുകൾ നൽകുകയും ചെയ്തിരുന്നെന്നും പൊലീസ് പറഞ്ഞു. ഷഹ്നവാസും സംഘവും കേരളത്തിലും എത്തിയിരുന്നുവെന്ന് ഡൽഹി പൊലീസ് സ്പെഷൽ സെൽ വൃത്തങ്ങൾ പറഞ്ഞിരുന്നു. പശ്ചിമഘട്ടത്തിലെ വനമേഖലകളിൽ താമസിക്കുകയും ഐഎസ് പതാക സ്ഥാപിച്ച് ഫോട്ടോയെടുക്കുകയും ചെയ്തു. ഈ ചിത്രങ്ങൾ സ്പെഷൽ സെല്ലിന് ലഭിച്ചിട്ടുണ്ട്.