ചെന്നൈ: തമിഴ്നാട്ടിൽനിന്നുള്ള ഐഎസ്ആർഒ ശാസ്ത്രജ്ഞർക്ക് 25 ലക്ഷം രൂപ വീതം കാഷ് അവാർഡ് പ്രഖ്യാപിച്ച് തമിഴ്നാട്. സംസ്ഥാനത്തിനും രാജ്യത്തിനും നൽകിയ സംഭാവനകൾ മുൻനിർത്തിയാണു ശാസ്ത്രജ്ഞർക്ക് അവാർഡ് നൽകുന്നതെന്നു മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു.
ഐഎസ്ആർഒ മുൻ ചെയർമാൻ കെ.ശിവൻ ഉൾപ്പെടെ 9 പേർക്കാണു സമ്മാനം പ്രഖ്യാപിച്ചത്. ചന്ദ്രയാൻ (1, 2) പ്രോജക്ട് ഡയറക്ടർ മയിൽസ്വാമി അണ്ണാദുരൈ, ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻറർ ഡയറക്ടർ വി.നാരായണൻ, സതീഷ് ധവാൻ സ്പേസ് സെൻറർ ഡയറക്ടർ എ.രാജരാജൻ, ചന്ദ്രയാൻ–3 പ്രൊജക്ട് ഡയറക്ടർ പി.വീരമുത്തുവേൽ, ഐഎസ്ആർഒ പ്രൊപ്പൽഷൻ കോംപ്ലക്സ് ഡയറക്ടർ ജെ.അസിർ പാക്കിയരാജ്, എം.ശങ്കരൻ, എം.വനിത, നിഗർ ഷാജി എന്നിവർക്കാണു സമ്മാനം.
ഈ ഒൻപത് ശാസ്ത്രജ്ഞരുടെയും പേരിൽ സംസ്ഥാന സർക്കാർ സ്കോളർഷിപ്പുകൾ ആരംഭിക്കും. സംസ്ഥാനത്തെ ഒൻപത് എൻജിനീയറിങ് വിദ്യാർഥികൾക്കാകും സ്കോളർഷിപ്പ്. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികളുടെ ഹോസ്റ്റൽ ഫീസ് അടക്കമുള്ള ചെലവ് സർക്കാർ വഹിക്കും. സ്കോളർഷിപ്പിനായി സർക്കാർ 10 കോടി രൂപ വകയിരുത്തുമെന്നും സ്റ്റാലിൻ വ്യക്തമാക്കി.