ഇന്ത്യയിൽ വികസിപ്പിച്ച മലേറിയ വാക്‌സീന് ലോകാരോഗ്യ സംഘടനയുടെ അനുമതി

Advertisement

പൂണെ: പുണെ ആസ്ഥാനമായ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (Serum Institute of India) നിർ‌മിച്ച മലേറിയ വാക്‌സീന് ലോകാരോഗ്യ സംഘടനയുടെ അനുമതി. കുട്ടികളിലെ മലേറിയ തടയാൻ ലോകത്തിലെ രണ്ടാമത്തെ വാക്‌സീനാണ് ഇതെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അറിയിച്ചു.

ആർ21/ മെട്രിക്-എം എന്ന ഈ വാക്‌സീൻ എസ്‌ഐഐയും ഓക്‌സ്ഫഡ് സർവകലാശാലയിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നാണ് വികസിപ്പിച്ചത്. യൂറോപ്യൻ ആൻഡ് ഡവലപ്പിങ് കൺട്രീസ് ക്ലിനിക്കൽ ട്രയൽസ് പാർട്ട്ണർഷിപ്പിന്റെയും വെൽകം ട്രസ്റ്റിന്റെയും യൂറോപ്യൻ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിന്റെയും പിന്തുണയോടെയായിരുന്നു വാക്‌സീൻ ഗവേഷണം. നാലു രാജ്യങ്ങളിൽ നടന്ന പ്രീക്ലിനിക്കൽ, ക്ലിനിക്കൽ ഘട്ട പരീക്ഷണങ്ങളിൽ വാക്‌സീൻ സുരക്ഷിതവും കാര്യക്ഷമവുമാണെന്ന് തെളിഞ്ഞതോടെയാണ് ലോകാരോഗ്യ സംഘടനയുടെ അനുമതി.

നൊവവാക്‌സിന്റെ അഡ്ജുവന്റ് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയായിരുന്നു വാക്‌സീൻ നിർമാണം. പ്രതിവർഷം 10 കോടി ഡോസ് മലേറിയ വാക്‌സീൻ നിർമിക്കാനുള്ള ശേഷി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് ഉണ്ട്. അടുത്ത രണ്ടു വർഷം കൊണ്ട് ഇത് ഇരട്ടിയാക്കുമെന്ന് കമ്പനി അറിയിച്ചു. മെട്രിക് എമ്മിനുള്ള ലോകാരോഗ്യ സംഘടനയുടെ അംഗീകാരം മലേറിയയ്ക്കെതിരെയുള്ള പോരാട്ടത്തിലെ നാഴിക്കല്ലാണെന്ന് എസ്‌ഐഐ സിഇഒ അദാർ പൂനാവാല പറഞ്ഞു. വൈകാതെ തന്നെ ഈ വാക്‌സീന് കൂടുതൽ അനുമതികൾ ലഭിക്കുമെന്നും അടുത്ത വർഷത്തോടെ ആഗോള വിപണിയിൽ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ഘാന, നൈജീരിയ, ബുർകിനോ ഫാസോ എന്നിവിടങ്ങളിൽ ഉപയോഗിക്കാനുള്ള ലൈസൻസ് ഈ വാക്‌സീനുണ്ട്.

Advertisement