ന്യൂ ഡെൽഹി :
വേഗതയ്‌ക്കൊപ്പം ആഡംബരത്തിന്റെയും മുഖമുദ്രയാണ് വന്ദേഭാരത് ട്രെയിനുകൾ. അടുത്ത വർഷം ട്രാക്കുകളിൽ എത്താനിരിക്കുന്ന വന്ദേഭാരത് തീവണ്ടികൾ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങുന്നുവെന്ന സൂചനയാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നൽകുന്നത്. അടുത്ത വർഷം പുറത്തിറങ്ങാനിരിക്കുന്ന വന്ദേഭാരത് ട്രെയിനുകളുടെ സ്ലീപ്പർ കോച്ചുകളുടെ ചിത്രങ്ങൾ അശ്വിനി വൈഷ്ണവ് ചൊവ്വാഴ്ച എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ടു
വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ 2024 ആദ്യം പുറത്തിറങ്ങുമെന്ന കുറിപ്പിനൊപ്പമാണ് ചിത്രങ്ങൾ പങ്കുവെച്ചത്.
വീതിയേറിയ ബർത്തുകൾ, കൂടുതൽ വൃത്തിയും വെളിച്ചവുമുള്ള അകത്തളം, യാത്രക്കാരുടെ സൗകര്യം പരിഗണിച്ചുള്ള ഗംഭീരമായ രൂപകൽപന, കൂടുതൽ വലിപ്പമുള്ള ടോയ്‌ലറ്റുകൾ, ഓരോ യാത്രികർക്കും പ്രത്യേകം ചാർജിങ് സൗകര്യങ്ങൾ തുടങ്ങിയവയൊക്കെ പുതിയ കോച്ചുകളുടെ സവിശേഷതകളാണ്.
ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് ഈ കോച്ചുകളും നിർമിക്കുന്നത്. 16 കോച്ചുകളുള്ള ട്രെയിൻ പൂർണമായും എസി ആയിരിക്കും. 11 ത്രീ-ടയർ, നാല് ടു-ടയർ, ഒരു ഫസ്റ്റ് ക്ലാസ് എന്നിങ്ങനെയായിരിക്കും കോച്ചുകൾ ഉണ്ടാകുക. നിലവിൽ വന്ദേഭാരത് ട്രെയിനുകളിൽ ഉള്ള മറ്റു സൗകര്യങ്ങളെല്ലാം സ്ലീപ്പർ കോച്ചുകളിലും ലഭ്യമായിരിക്കും