ന്യൂ ഡെൽഹി :അറസ്റ്റ് ചെയ്യുന്ന സമയത്ത് തന്നെ അതിന്റെ കാരണം രേഖാമൂലം അറിയിക്കണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് സുപ്രീം കോടതി. ഇ ഡി പ്രതികാരം ചെയ്യേണ്ട സംവിധാനം അല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് എഎസ് ബൊപ്പണ്ണ, ജസ്റ്റിസ് സഞ്ജയ് കുമാർ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി. ധനാപഹരണ കേസിൽ പങ്കജ് ബൻസൽ, ബസന്ത് എന്നിവരെ അറസ്റ്റ് ചെയ്ത സംഭവത്തിലാണ് കോടതി വിധി.
പ്രതികാര നടപടിയായി അറസ്റ്റുണ്ടാകരുത്. രാജ്യത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ഒരു പ്രധാന ഏജൻസി എന്ന നിലയിൽ ഇഡിയുടെ നീക്കങ്ങളെല്ലാം സുതാര്യമായിരിക്കണം. അന്വേഷണത്തിൽ അങ്ങേയറ്റത്തെ നിഷ്പക്ഷതയും നീതിയും കാണിക്കണം. അറസ്റ്റ് ചെയ്താൽ അത് രേഖാമൂലം അപ്പോൾ തന്നെ അറിയിക്കുകയും വേണം. 2002ലെ നിയമപ്രകാരം ഇഡിക്ക് നൽകിയ വിപുലമായ അധികാരങ്ങൾ പ്രതികാരം ചെയ്യാനുള്ളതല്ലെന്നും വിധിയിൽ പറയുന്നു. അറസ്റ്റ് രേഖാമൂലം എഴുതി നൽകേണ്ടതില്ലെന്ന ഇ ഡി വാദം കോടതി അംഗീകരിച്ചില്ല