ചന്ദ്രനിൽ രണ്ടാം രാത്രി, പ്രതീക്ഷ കൈവിടാതെ ഐഎസ്ആർഒ, വിക്രമും പ്രഗ്യാനും ഉണരുമോ?

Advertisement

ന്യൂഡൽഹി: ചന്ദ്രയാൻ ദൌത്യത്തിന് ശേഷമുള്ള ചന്ദ്രനിലെ രണ്ടാം രാത്രി ആരംഭിച്ചതോടെ വിക്രം ലാൻഡറിനേയും പ്രഗ്യാൻ റോവറിനേയും ഉണർത്താനുള്ള സാധ്യതകൾ മങ്ങുന്നു. ചന്ദ്രനിലെ ശിവശക്തി പോയിന്റിൽ സെപ്തംബർ 30 മുതൽ സൂര്യ പ്രകാശം മങ്ങിത്തുടങ്ങിയിരുന്നു.

ഭൂമിയിലെ 14 ദിവസങ്ങൾക്ക് തുല്യമായ ചന്ദ്രനിലെ ഒരു രാത്രിക്ക് ശേഷം വിക്രം ലാൻഡറിനേയും പ്രഗ്യാൻ റോവറിനേയും ഉണർത്താനുള്ള ഐഎസ്ആർഒയുടെ ശ്രമങ്ങൾ ഫലം കണ്ടിരുന്നില്ല. ചന്ദ്രനിലെ കൊടുംതണുപ്പിനെ റോവറും ലാൻഡറും അതിജീവിക്കുമോയെന്ന ആശങ്കകൾക്ക് ഉണർത്താനുള്ള ശ്രമം തുടരുമെന്നാണ് ഐഎസ്ആർഒയുടെ പ്രതികരണം.

ചന്ദ്രനിലെ രാത്രിയിൽ താപനില മൈനസ് 180 ഡിഗ്രി സെൽഷ്യസ് വരെ താഴാറുണ്ട്. വിക്രം ലാൻഡറിന്റേയും പ്രഗ്യാൻ റോവറിന്റേയും പ്രവർത്തനത്തിന് സൂര്യ പ്രകാശം ആവശ്യവുമാണ്. ചന്ദ്രനിലെത്തിയ ശേഷമുള്ള ആദ്യ ദൌത്യങ്ങൾ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും പൂർത്തിയാക്കിയിരുന്നു. സെപ്റ്റംബർ രണ്ടിനാണ് പ്രഗ്യാൻ റോവറിനെ ഉറക്കിയത്. സെപ്റ്റംബർ നാലിന് രാവിലെ എട്ട് മണിക്കാണ് വിക്രം ലാൻഡർ സ്ലീപ്പ് മോഡിലേക്ക് മാറിയത്. ഓട്ടോമാറ്റിക്ക് ആയി ലാൻഡറും റോവറും ഉണരുന്നതിനായി ചില സർക്യൂട്ടുകൾ നേരത്തെ തന്നെ അതിൽ സൂക്ഷിച്ചിരുന്നുവെന്നും അതിനായി പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്നുമാണ് നേരത്തെ ഇസ്റോ പറഞ്ഞിരുന്നത്. ഉണരുന്നതിന് ഇനിയും സമയം ഉണ്ടെന്നും അത് ഇനിയുള്ള ദിവസങ്ങളിൽ എപ്പോൾ വേണമെങ്കിലും സംഭവിച്ചേക്കാമെന്നും പ്രതീക്ഷയോടെ കാത്തിരിക്കാമെന്നുമാണ് അധികൃതർ നേരത്തെ അറിയിച്ചത്.

ഇനി വിക്രമും പ്രഗ്യാനും ഉണരാനുള്ള സാധ്യതകൾ നേരിയതാണെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. ഇത്തരത്തിൽ നിദ്ര തുടരുവാണെങ്കിൽപോലും ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-മൂന്നിൻറെ വിജയത്തിൻറെ പ്രതീകമായി ലാൻഡറും റോവറും ചന്ദ്രനിലെ ദക്ഷിണധ്രുവത്തിൽ തുടരും. ദൗത്യത്തിലെ ലക്ഷ്യങ്ങളെല്ലാം ഇതിനോടകം തന്നെ ഫലപ്രാപ്തിയിലെത്തിയതിനാൽ തന്നെ വീണ്ടും ലാൻഡറും റോവറും പ്രവർത്തനക്ഷമമാകുന്നതിനെ ദൗത്യത്തിലെ ബോണസായിട്ടാണ് ശാസ്ത്രലോകം കാണുന്നത്. ഓഗസ്റ്റ് 23നാണ് രാജ്യത്തിന് അഭിമാനം പകർന്ന് ചന്ദ്രയാൻ 3 ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്. ചന്ദ്രോപരിതലത്തിലെ സൾഫർ, അലുമിനിയം, കാൽസ്യം, സിലിക്കൺ, അയൺ, ഓക്സിജൻ, ടൈറ്റാമിയം, ക്രോമിയം, മാംഗനീസ് എന്നിവയുടെ സാന്നിധ്യം കണ്ടെത്താൻ ചന്ദ്രയാൻ 3ന് സാധിച്ചിരുന്നു

Advertisement