വിദേശ യാത്രയിൽ കൂടെയുണ്ടായിരുന്ന ‘ദുരൂഹ യുവതി’ ആര്; ചോദ്യവുമായി പ്രതിപക്ഷം, മറുപടിയുമായി നവീൻ പട്നായിക്

Advertisement

ന്യൂഡൽഹി: കഴിഞ്ഞ വർഷത്തെ ഇറ്റലി, വത്തിക്കാൻ സന്ദർശന വേളയിൽ ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ കൂടെയുണ്ടായിരുന്ന യുവതിയെക്കുറിച്ച് നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യം. നവീൻ പട്‌നായിക്കിനെ അനുഗമിച്ച നിഗൂഢ സ്ത്രീ ആരാണെന്ന് പ്രതിപക്ഷം ചോദിച്ചു.

പിന്നാലെ മറുപടിയുമായി മുഖ്യമന്ത്രി തന്നെ രം​ഗത്തെത്തി. തന്റെ കൂടെയുണ്ടായിരുന്ന സ്ത്രീയുടെ പേര് ശ്രദ്ധയെന്നാണെന്നും അവർ തന്റെ ഫിസിയോതെറാപ്പിസ്റ്റാണെന്നും നവീൻ പട്നായിക്ക് വ്യക്തമാക്കി. ചൊവ്വാഴ്ച മൺസൂൺ സെഷൻ അവസാനിക്കുന്നതിന് മുമ്പാണ് മുഖ്യമന്ത്രി ഈ വിഷയത്തിൽ മറുപടി നൽകിയത്. എന്റെ ആരോ​ഗ്യം ശ്രദ്ധിക്കാനായി അന്തരിച്ച എന്റെ സഹോദരി ഗീതാ മേത്ത നിയോ​ഗിച്ച ഫിസിയോതെറാപ്പിസ്റ്റാണ് ശ്രദ്ധയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ശ്രദ്ധക്ക് സർക്കാർ ക്വാർട്ടേഴ്‌സ് അനുവദിക്കുകയോ യാത്രാ ബില്ല് ഒഡീഷ സർക്കാർ നൽകുകയോ ചെയ്തിട്ടില്ല. പൊതുതാൽപ്പര്യമുള്ള വിഷയങ്ങളിൽ ചർച്ച ചെയ്യാൻ വിലപ്പെട്ട സമയം നമ്മൾ ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ വർഷം ജൂണിൽ നടത്തിയ വത്തിക്കാൻ സിറ്റി സന്ദർശനത്തിന്റെ ചിത്രങ്ങളും വീഡിയോകളും അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന സ്ത്രീയെക്കുറിച്ച് അഭ്യൂ​ഹമുയർന്നത്. പിന്നാലെ പ്രതിപക്ഷമായ ബിജെപി രം​ഗത്തെത്തുകയും ചെയ്തു. തുടർന്നാണ് ദുരൂഹത അവസാനിപ്പിക്കാൻ മുഖ്യമന്ത്രി തന്നെ നേരിട്ട് രംഗത്തെത്തിയത്.

പ്രതിപക്ഷ നേതാവ് ജയനാരായണ് മിശ്ര നിയമസഭയിൽ വിഷയം ഉന്നയിച്ചിരുന്നുവെങ്കിലും സഭയിലെ ബഹളം കാരണം രേഖപ്പെടുത്തിയില്ല. ശ്രദ്ധക്ക് സർക്കാർ വീട് അനുവദിച്ചുവെന്നും പ്രതിപക്ഷം ആരോപിച്ചു. ഇറ്റലിയിലേക്കുള്ള യാത്രയുടെ മൂന്നാം ദിവസം മാർപാപ്പയെ കാണാൻ ഔദ്യോഗികമായി മുഖ്യമന്ത്രി പുറപ്പെട്ടു. അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി വി കെ പാണ്ഡ്യനും ഒപ്പമുണ്ടായിരുന്നു. വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ ക്ഷണപ്രകാരമാണ് നവീൻ പട്നായിക് ഇറ്റലി‌യിലേക്ക് പോയത്.