ഗെയിമിങ് ആപ്പുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് ഇഡി: വെള്ളിയാഴ്ച ഹാജരാകാൻ നിർദേശം

Advertisement

ഗെയിമിങ് ആപ്പുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). വെള്ളിയാഴ്ച ഹാജരാകാനാണ് താരത്തോട് ആവശ്യപ്പെട്ടത്.
ആപ്പിന്റെ നിരവധി പരസ്യങ്ങളിലാണ് താരം വേഷമിട്ടിരിക്കുന്നത്. ഇതിനു പകരമായി വലിയ തുകയാണ് താരം പ്രതിഫലമായി കൈപ്പറ്റിയത്.
മഹാദേവ് ഓൺലൈൻ വാതുവയ്പ് കേസുമായി ബന്ധപ്പെട്ട് നിരവധി ബോളിവുഡ് നടന്മാരും ഗായകരും ഇ‍ഡിയുടെ നിരീക്ഷണത്തിലാണ്. ടൈഗർ ഷ്റോഫ്, സണ്ണി ലിയോണി തുടങ്ങി മുൻനിര ബോളിവുഡ് താരങ്ങളാണ് ഇഡിയുടെ നിരീക്ഷണത്തിലുള്ളത്.
കാർഡ് ഗെയിമുകൾ, ക്രിക്കറ്റ്, ബാഡ്മിന്റൻ, ടെന്നിസ്, ഫുട്ബോൾ തുടങ്ങിയ തത്സമയ ഗെയിമുകളിൽ അനധികൃത വാതുവയ്പ് നടത്തുന്നതിനുള്ള പ്ലാറ്റ്ഫോമാണ് മഹാദേവ് ഓൺലൈൻ ബുക്കിങ് ആപ്ലിക്കേഷൻ. ഭിലായ് സ്വദേശികളായ സൗരഭ് ചന്ദ്രകറും രവി ഉപ്പലുമാണ് ആപ്പിന്റെ പ്രധാന പ്രമോട്ടർമാർ. ഈ ആപ്പിൽനിന്ന് ഇരുവരും ചേർന്ന് 5,000 കോടി രൂപയോളം സമ്പാദിച്ചതായി ഇഡി പറയുന്നു.
ഈ വർഷം ഫെബ്രുവരിയിൽ യുഎഇയിൽ വച്ചു നടന്ന മഹാദേവ് ആപ് പ്രൊമോട്ടറായ സൗരഭ് ചന്ദ്രക്കറിന്റെ വിവാഹത്തിലും കമ്പനിയുടെ വിജയാഘോഷത്തിലും ബോളിവുഡ് താരങ്ങൾ പങ്കെടുത്തതും ഇഡി അന്വേഷിക്കുന്നുണ്ട്.