സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി; വിശാലിന്റെ അഴിമതി ആരോപണത്തില്‍ സിബിഐ അന്വേഷണം

Advertisement

സെന്‍സര്‍ ബോര്‍ഡിനെതിരെ തമിഴ് നടനും നിര്‍മ്മാതാവുമായ വിശാലിന്റെ അഴിമതി ആരോപണത്തില്‍ മൂന്ന് സ്വകാര്യ വ്യക്തികള്‍ക്കും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനിലെ (സിബിഎഫ്സി) ചില ഉദ്യോഗസ്ഥര്‍ക്കെതിരെയും സിബിഐ എഫ്ഐആര്‍ ഫയല്‍ ചെയ്തു.
തന്റെ ഏറ്റവും പുതിയ ചിത്രമായ ‘മാര്‍ക്ക് ആന്റണി’യുടെ ഹിന്ദി സെന്‍സര്‍ അവകാശത്തിനായി 6.5 ലക്ഷം രൂപ മുംബൈ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്സി) കൈക്കൂലി ആവശ്യപ്പെട്ടതായി വിശാല്‍ ആരോപിച്ചിരുന്നു. മെര്‍ലിന്‍ മേനാഗ, ജീജ രാംദാസ്, രാജന്‍ എം എന്നിവര്‍ക്കെതിരെയും സിബിഎഫ്സിയിലെ ചില ജീവനക്കാര്‍ക്കെതിരെയും സിബിഐ, എഫ്ഐആര്‍ ഫയല്‍ ചെയ്തതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. എഫ്ഐആര്‍ രേഖപ്പെടുത്തിയ പ്രതികളുടെ സ്ഥലങ്ങള്‍ ഉള്‍പ്പെടെ മുംബൈയിലെ നാല് സ്ഥലങ്ങളില്‍ പരിശോധന നടത്തിയാണ് നടപടി.
സെപ്തംബര്‍ 28-നാണ് സെന്‍സര്‍ ബോര്‍ഡിനെതിരെ കൈക്കൂലി ആരോപണവുമായി വിശാല്‍ രംഗത്തെത്തിയത്. മാര്‍ക്ക് ആന്റണി എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ആറര ലക്ഷം രൂപ കൈക്കൂലി കൊടുക്കേണ്ടിവന്നു എന്നായിരുന്നു വിശാലിന്റെ ആരോപണം. ചിത്രം റിലീസ് ചെയ്യാന്‍ മൂന്നു ലക്ഷവും യു/എ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ മൂന്നര ലക്ഷം രൂപയും താന്‍ നല്‍കിയെന്ന് പറഞ്ഞ വിശാല്‍ പണം ട്രാന്‍സ്ഫര്‍ ചെയ്ത അക്കൗണ്ട് വിവരങ്ങളും പുറത്തുവിട്ടിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ടാ?ഗും ചെയ്തിരുന്നു. മുംബൈയിലെ സെന്‍സര്‍ ബോര്‍ഡ് ഓഫീസില്‍ സര്‍ട്ടിഫിക്കറ്റിനായി സമീപിച്ചപ്പോഴാണ് അനുഭവം എന്നും വിശാല്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. മൂന്നു ലക്ഷം രൂപ രാജന്‍ എന്നയാളുടെ അക്കൗണ്ടിലേക്കും മൂന്നര ലക്ഷം രൂപ ജീജ രാംദാസ് എന്ന വ്യക്തിയുടെ അക്കൗണ്ടിലേക്കുമാണ് അയച്ചതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

Advertisement