ഭുവനേശ്വർ: ഒഡീഷയിലെ ആശുപത്രിയിൽ രോഗികളുടെ ചികിത്സയ്ക്കു ഡോക്ടർമാരെ സഹായിക്കുന്നതിന് തീവ്രപരിചരണ വിഭാഗത്തിൽ ‘ഭജനുകൾ’ കേൾപ്പിക്കാൻ തീരുമാനം. കട്ടക്കിലെ എസ്‌സിബി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് വേറിട്ട നടപടി. രോഗികൾക്ക് മ്യൂസിക് തെറാപ്പിയും സാന്ത്വനവും നൽകുന്നതിനായി ഐസിയുകളിൽ ആത്മീയ ഭജനകൾ കേൾപ്പിക്കാൻ എസ്‌സിബി ആശുപത്രിയിലെ മെഡിക്കൽ വിഭാഗമാണ് ശുപാർശ ചെയ്തത്.
ഗുരുതരാവസ്ഥയിലുള്ള രോഗികളെ ഭക്തിഗാനങ്ങളുടെ ഇൻസ്ട്രമെന്റൽ പതിപ്പുകൾ കേൾപ്പിക്കുന്നത് വളരെ ഫലപ്രദമാണെന്ന് ഇവർ തറപ്പിച്ചുപറയുന്നു. പോസിറ്റീവും ആത്മീയവുമായ അന്തരീക്ഷത്തിലൂടെ രോഗി വേഗം സുഖംപ്രാപിക്കുമെന്നും ഇവർ വ്യക്തമാക്കി. പുതിയ തീരുമാനത്തിന് ആശുപത്രി അധികൃതർ അംഗീകാരം നൽകി.
‘‘ഐസിയുവിനുള്ളിൽ സംഗീതം കേൾപ്പിക്കാൻ സാധിച്ചാൽ, ശാന്തമായ ആ ശബ്ദം രോഗശാന്തിക്കു കൂടുതൽ സഹായകമാകും. നിർദേശത്തെ കുറിച്ച് ആലോചിച്ചശേഷം, ആശുപത്രിയിലെ എല്ലാ ഐസിയുവുകളിലും സംഗീതം കേൾപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചു. അത് ഉടൻ നടപ്പാക്കും. സർക്കാർ നടപടിക്രമം അനുസരിച്ച് ഇക്കാര്യത്തിൽ ഉടൻ ടെൻഡർ പുറപ്പെടുവിക്കും.’’– ആശുപത്രി വൈസ് ചാൻസലർ ഡോ. അബിനാഷ് റൗട്ട് പറഞ്ഞു. ഐസിയുവിൽ മ്യൂസിക് തെറാപ്പി നൽകാനുള്ള ചുമതല സ്വകാര്യ സ്ഥാപനങ്ങളെ ഏൽപ്പിക്കാൻ ടെൻഡർ വിളിക്കാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം.
2020ൽ കോവിഡ് മഹാമാരിയുടെ ആദ്യ തരംഗത്തിൽ, ഗുജറാത്തിലെ വഡോദരയിലെ സർ സായാജിറാവു ജനറൽ (എസ്‌എസ്‌ജി) ആശുപത്രിയിൽ ചികിത്സയുടെ ഭാഗമായി രോഗികൾക്ക് സംഗീത, ചിരി തെറപ്പികൾ നൽകിയിരുന്നു.