ആം ആദ്മി എംപി സഞ്ജയ് സിംഗ് വ്യവസായിയിൽ നിന്ന് രണ്ട് കോടി രൂപ കൈപ്പറ്റിയെന്ന് ഇഡി

Advertisement

ന്യൂ ഡെൽഹി :
ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ് വ്യവസായിയിൽ നിന്നും 2 കോടി രൂപ കൈപ്പറ്റിയെന്ന് ഇഡി. കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ടാണ് പണം കൈമാറിയതെന്നും ഇ ഡി കോടതിയെ അറിയിച്ചു. ഡൽഹി മദ്യനയ അഴിമതിക്കേസിലെ നിരവധി പ്രതികളുമായി അടുത്ത ബന്ധം സഞ്ജയ് സിംഗിനുണ്ട്. ബിസിനസുകാരൻ ദിനേഷ് അറോറയുമായും സഞ്ജയ് സിംഗിന് ബന്ധമുണ്ടെന്നും ഇഡി വ്യക്തമാക്കി

മദ്യനയം രൂപപ്പെടുത്തി സ്വകാര്യ വ്യക്തികൾക്ക് സഹായം ചെയ്തുകൊടുക്കാനായി സഞ്ജയ് സിംഗ് ക്രിമിനൽ ഗൂഢാലോചനയിലും പങ്കാളിയാണെന്നും ഇഡി കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. സഞ്ജയ് സിംഗിന്റെ വീട്ടിൽ നിന്നും പ്രതിക്കൂട്ടിൽ നിർത്താവുന്ന ഡിജിറ്റൽ തെളിവുകൾ ലഭിച്ചതായും ഇഡി വ്യക്തമാക്കിയിട്ടുണ്ട്. ദിനേശ് അറോറയുടെ ജോലിക്കാരൻ സർവേഷാണ് സഞ്ജയ് സിംഗിന് പണം കൈമാറിയതെന്നും ഇത് കുറ്റകൃത്യവുമായി സഞ്ജയ് സിംഗിന് നേരിട്ടുള്ള ബന്ധം വ്യക്തമാക്കുന്നതായും ഇഡി റിപ്പോർട്ടിലുണ്ട്.

ഇഡി ചൂണ്ടിക്കാണിച്ച വസ്തുതകളും സാഹചര്യങ്ങളും പരിഗണിച്ച് പ്രതിയെ വിശദമായ ചോദ്യംചെയ്യലിന് കസ്റ്റഡിയിൽ വിടുന്നുവെന്നായിരുന്നു പ്രത്യേക ജഡ്ജി എം കെ നാഗ്പാൽ ചൂണ്ടിക്കാണിച്ചത്. ഒക്ടോബർ 10 വരെയാണ് സഞ്ജയ് സിങ്ങിനെ ഇഡി കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. കസ്റ്റഡി കാലാവധി തീരുന്ന മുറയ്ക്ക് ഇയാളെ കോടതിയിൽ ഹാജരാക്കും.

Advertisement