മുംബൈ: മുംബൈയിലെ ലോക്കൽ ട്രെയിനുകൾ നേരത്തെ തന്നെ തിരക്ക് കൊണ്ട് പ്രശസ്തമാണ്. ഇതിനിടെയാണ് മുംബൈയിലെ ബാന്ദ്രയിൽ തിരക്കേറിയ ബസിൽ ഇടം കിട്ടാത്തതിനാൽ ബസിൻറെ പുറകിലെ കമ്പിയിൽ തൂങ്ങിയാത്ര ചെയ്യുന്ന യുവാക്കളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്.
ജനസംഖ്യാ വർദ്ധനവ് സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ചില്ലറയല്ല. ഭക്ഷണം മുതൽ പാർപ്പിട സൗകര്യം വരെ സകലത്തിലും ജനസംഖ്യാ വർദ്ധനവ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ജനസംഖ്യ വർദ്ധിക്കുന്നതിന് അനുസരിച്ച് അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിൽ ഭരണകൂടം പരാജയപ്പെടുമ്പോൾ പ്രത്യേകിച്ചും. പീക്ക് ബെംഗളൂരു എന്ന പ്രയോഗം തന്നെ ചെറിയൊരു പ്രദേശമായ ബെംഗളൂരു നഗരം അതിന് ഉൾക്കൊള്ളാനാകുന്നതിലും കൂടുതൽ ആളുകളെ ഉൾക്കൊള്ളേണ്ടിവരുമ്പോൾ ഉണ്ടാകുന്ന പ്രശ്നത്തിൽ നിന്നും ഉരുത്തിരിഞ്ഞ് വന്നതാണ്. സമാനമാണ് മുംബൈ നഗരത്തിൻറെ അവസ്ഥ, മുംബൈയിലെ ലോക്കൽ ട്രെയിനുകൾ നേരത്തെ തന്നെ തിരക്ക് കൊണ്ട് പ്രശസ്തമാണ്. ഇതിനിടെയാണ് മുംബൈയിലെ ബാന്ദ്രയിൽ തിരക്കേറിയ ബസിൽ ഇടം കിട്ടാത്തതിനാൽ ബസിൻറെ പുറകിലെ കമ്പിയിൽ തൂങ്ങിയാത്ര ചെയ്യുന്ന യുവാക്കളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്.
Bandra Buzz എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നും പങ്കുവച്ച വീഡിയോയിൽ അതിസാഹസികമായ ചില രംഗങ്ങൾ കാണിച്ചു. ഓടുന്ന ബസിൻറെ പുറകിൽ തൂങ്ങി യാത്ര ചെയ്യുന്ന രണ്ട് യുവാക്കളുടെ വീഡിയോയായിരുന്നു പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയുടെ തുടക്കത്തിൽ ബസ് സ്റ്റാർട്ട് ചെയ്ത് തുടങ്ങുമ്പോൾ യുവാക്കൾ ബസിലേക്ക് ഓടിക്കയറുന്നതും കാണാം. വീഡിയോ നിരവധി പേർ കണ്ടു കഴിഞ്ഞു. ഒപ്പം നിരവധി കമൻറുകളും നേടി. യുവാക്കൾക്കെതിരെയും ബസ് ഡ്രൈവർക്കെതിരെയും കണ്ടക്ടർക്കെതിരെയും നടപടി വേണമെന്നായിരുന്നു വീഡിയോ കണ്ട മിക്കയാളുകളും ആവശ്യപ്പെട്ടത്. “ഞാൻ അത്ഭുതപ്പെടുന്നത്… ഡ്രൈവറും കണ്ടക്ടറും ശ്രദ്ധിച്ചില്ല! അങ്ങനെയെങ്കിൽ ബസ് എങ്ങനെ നീങ്ങി….? ബൈ ബെസ്റ്റ് ബസ് ജീവനക്കാർക്കെതിരെ നടപടിയെടുക്കുകയും ഈ ആൺകുട്ടികൾക്കെതിരെ ക്രിമിനൽ പരാതി നൽകുകയും ചെയ്യുക, അങ്ങനെ മുംബൈ പോലീസ് പ്രവർത്തിക്കും.?” എന്നായിരുന്നു. “സാധാരണ പോലെ മുഴുവൻ ഭാഗത്തും പോലീസുകാരില്ല. ഒട്ടും അതിശയിക്കാനില്ല.” എന്നായിരുന്നു മറ്റൊരു കമൻറ്. മറ്റ് ചിലർ വീഡിയോ ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ചിട്ടുണ്ടെന്നും അവർ നടപടി എടുക്കുമെന്നും കുറിച്ചു. പക്ഷേ, അപ്പോഴും ഇത്തരം യാത്രയ്ക്ക് കാരണമാകുന്ന തിരക്ക് ഒഴിവാക്കാൻ കൂടുതൽ വാഹനങ്ങൾ നിരത്തിലിറക്കുന്നതിനെ കുറിച്ചോ, സാധാരണ യാത്രക്കാർ അനുഭവിക്കുന്ന ഗാതാഗത പ്രശ്നങ്ങളെ കുറിച്ചോ ഉള്ള ചർച്ചകൾ ഉയർന്നുവന്നില്ല.