ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ എറ്റവും കരുത്തുള്ള വിക്ഷേപണ വാഹനമാണ് എൽവിഎം 3. ചന്ദ്രയാൻ രണ്ടിനെയും മൂന്നിനെയും വഹിച്ച ഈ വമ്പൻ റോക്കറ്റിനെ ഗഗൻയാൻ ദൗത്യങ്ങൾക്കായി തയ്യാറാക്കുകയാണ് ഇസ്രൊ ഇപ്പോൾ.
640 ടൺ ഭാരം, നാൽപ്പത്തിമൂന്നര മീറ്റർ ഉയരം, താഴ്ന്ന ഭൂ ഭ്രമണപഥത്തിലേക്ക് എട്ടായിരം കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ എത്തിക്കാനുള്ള കെൽപ്പ്, ഇത് വരെ ഏഴ് ദൗത്യങ്ങൾ, ഏഴും വിജയം. അങ്ങനെ ഇസ്രൊയുടെ വലിയ സ്വപ്നങ്ങളുടെ ഭാരം പേറുന്ന റോക്കറ്റ് എൽവിഎം 3 പുതിയ മിഷന് ഒരുങ്ങുകയാണ്.
ഗഗൻയാൻ ദൗത്യത്തിനായി എല്ലാവിധ തയ്യാറെടുപ്പുകളും കഴിഞ്ഞിരിക്കുകയാണ് എൽവിഎം 3. ക്രയോജനിക് എഞ്ചിൻറെ ശേഷി കൂട്ടി, എല്ലാ സംവിധാനങ്ങളും മനുഷ്യ ദൗത്യങ്ങൾക്കായി സജ്ജമാക്കിയതായി എൽവിഎം 3 പ്രൊജക്ട് ഡയറക്ടർ മോഹനകുമാർ പറഞ്ഞു. മൂന്ന് ഘട്ടങ്ങളാണ് റോക്കറ്റിനുള്ളത്. ഖര ഇന്ധനമുപയോഗിക്കുന്ന രണ്ട് സ്ട്രാപ്പോണുകൾ ജ്വലിപ്പിച്ചാണ് തുടക്കം. രണ്ടാം ഘട്ടം രണ്ട് വികാസ് എഞ്ചിനുകളുടെ കരുത്തിൽ കുതിക്കുന്ന എൽ 110 ആണ്.
ഗഗൻയാൻ ദൗത്യത്തിനായി വലിയ മാറ്റങ്ങളാണ് എൽവിഎം 3യിൽ വരുത്തിക്കൊണ്ടിരിക്കുന്നത്. ക്രയോജനിക് ഘട്ടത്തിന്റെ ശേഷി വർദ്ധിപ്പിക്കലും അതിന്റെ സുരക്ഷ കൂട്ടലുമാണ് അതിൽ പ്രധാനം. പുതിയ സെമിക്രയോജനിക് എഞ്ചിനുകളുടെ വികസനം പൂർത്തിയായാൽ വികാസ് എഞ്ചിനുകളുടെ സ്ഥാനം അവ ഏറ്റെടുക്കും. എൽവിഎം 3യുടെ മൂന്നാംഘട്ടത്തിന്റെ കരുത്ത് സിഇ 20 ക്രയോജനിക് എഞ്ചിനാണ്.
ഇപ്പോൾ ഇസ്രൊയുടെ ശ്രദ്ധ മുഴുവൻ ഗഗൻയാൻ ശ്രേണിയിലെ ആദ്യ ദൗത്യത്തിലാണ്. ഭാവിയിൽ യാത്രക്കാരെ വഹിക്കാൻ പോകുന്ന ക്രൂ മൊഡ്യൂളും പൂർണ സുരക്ഷ സംവിധാനങ്ങളുമായി ഹ്യൂമൻ റേറ്റഡ് ലോഞ്ച് വെഹിക്കിളിന്റെ ആദ്യ വിക്ഷേപണം 2024 ജനുവരിയിൽ നടക്കും. അതേസമയം ശക്തനും വിശ്വസ്തനുമായ ഇസ്രൊയുടെ ഈ കരുത്തൻ വിക്ഷേപണ വാഹനത്തിന് ആവശ്യക്കാരും ഏറെയാണ്. അതുകൊണ്ട് റോക്കറ്റിൻറെ ഉത്പാദനം കൂട്ടാനും നടപടികൾ ഇസ്രോ ആലോചിക്കുന്നുണ്ട്.