ഐഐടി ശുചിമുറിയിൽ വിദ്യാർഥികളുടെ ദൃശ്യം പകർത്തി; ശുചീകരണ തൊഴിലാളി അറസ്റ്റിൽ

Advertisement

ന്യൂഡൽഹി: ഡൽഹി ഐഐടിയിൽ പെൺകുട്ടികളുടെ ശുചിമുറിയിൽ ഒളിക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്തിയ ശുചീകരണ തൊഴിലാളി അറസ്റ്റിൽ. ഡൽഹി ഭാരതി കോളജിലെ വിദ്യാർഥികളുടെ പരാതിയെ തുടർന്നാണു നടപടി.

ഫാഷൻ ഷോയിൽ പങ്കെടുക്കാൻ ഐഐടിയിലെത്തിയ 10 വിദ്യാർഥിനികളാണ് പരാതിപ്പെട്ടത്. ശുചിമുറി ഉപയോഗിക്കുന്നതിനിടെ ഒളിക്യാമറയിൽ ദൃശ്യങ്ങൾ പകർത്തി എന്നാണ് പരാതി.

പരാതി നൽകിയിട്ടും അധികാരികളുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായില്ലെന്ന് വിദ്യാർഥിനികൾ സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ ആരോപിച്ചു. തുടർന്നാണ് കിഷൻഘർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സംഭവത്തിൽ 20കാരനെ അറസ്റ്റ് ചെയ്തെന്നും ഐപിസി 354സി വകുപ്പു പ്രകാരം കേസെടുത്തെന്നും പൊലീസ് അറിയിച്ചു.

അതേസമയം, വിദ്യാർഥികൾക്കു നേരിട്ട ദുരനുഭവത്തിൽ ഐഐടി ഖേദം പ്രകടിപ്പിച്ചു. വിവരം അറിഞ്ഞയുടൻ പൊലീസിൽ പരാതി നൽകിയതായും അധികൃതർ അറിയിച്ചു. സ്ഥാപനത്തിൽ കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന ജീവനക്കാരനാണ് പ്രതി. വിവരം അറിഞ്ഞ ഉടനെ ഇയാളെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതായും ഐഐടി പ്രസ്താവനയിൽ അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.