‘മോദിയുടെ ഓഫിസ് നിരീക്ഷിക്കുന്നു; ഇസ്രയേലിൽ കുടുങ്ങിയ വിദ്യാർഥികളെ ഇന്ത്യയിൽ തിരിച്ചെത്തിക്കും’

Advertisement

വിജയവാഡ (ആന്ധ്രപ്രദേശ്): ഇസ്രയേൽ–പലസ്തീൻ സംഘർഷത്തെ തുടർന്ന് ഇസ്രയേലിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളെ സർക്കാർ തിരികെ കൊണ്ടുവരുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളെ തിരികെ കൊണ്ടുവരാനുള്ള ജോലിയിലാണെന്നും ഇസ്രയേലിലെ നിലവിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസ് നിരീക്ഷിച്ചു വരികയാണെന്നും അവർ പറഞ്ഞു.

‘‘ഇസ്രയേലിൽ കുടുങ്ങിപ്പോയ ഇന്ത്യയിലെ വിദ്യാർഥികളെ തിരികെ കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുന്നു. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഓഫിസും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. അവിടെ കുടുങ്ങിക്കിടക്കുന്ന ഞങ്ങളുടെ വിദ്യാർഥികളെ തിരികെ കൊണ്ടുവരാൻ വലിയ ശ്രമങ്ങളാണ് നടക്കുന്നത്. മുൻപും ഓപ്പറേഷൻ ഗംഗയോ വന്ദേ ഭാരതോ ആകട്ടെ, ഞങ്ങൾ എല്ലാവരെയും തിരികെ കൊണ്ടുവന്നു. കേന്ദ്ര സർക്കാരും പ്രധാനമന്ത്രിയുടെ ഓഫിസും അവരുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ട്’’– മീനാക്ഷി ലേഖി മാധ്യമങ്ങളോട് പറഞ്ഞു.

സംഘർഷത്തെ തുടർന്ന് ഇസ്രയേലിലെ ഇന്ത്യൻ എംബസി ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പ്രാദേശിക ഭരണകൂടങ്ങളുടെ സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും ശ്രദ്ധയോടെ ഇരിക്കണമെന്നും അത്യാവശ്യമില്ലെങ്കിൽ പുറത്തിറങ്ങരുതെന്നും സുരക്ഷിത കേന്ദ്രത്തിൽ തുടരണമെന്നുമാണ് നിർദേശം. 18,000 ഇന്ത്യൻ പൗരന്മാർ ഇസ്രയേലിലുണ്ടെന്നാണു കണക്ക്.

Advertisement