ന്യൂഡല്‍ഹി:
ടോള്‍പ്ലാസകളിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാനും സുരക്ഷാ സംവിധാനം ശക്തിപ്പെടുത്താനും നടപടികളുമായി ദേശീയ പാത അതോറിറ്റി. സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിഗ് പ്രൊസിഡീയേഴ്‌സ് (SoP) എന്ന് പേരിട്ടിരിക്കുന്ന പദ്ധതി യാത്രക്കാരുടെയും ടോള്‍ ഓപ്പറേറ്റര്‍മാരുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ടോള്‍ പിരിക്കുന്ന ഏജന്‍സികളെയും അവരുടെ ജീവനക്കാരെയും റോഡ് ഉപയോക്താക്കളെയും നിയന്ത്രിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് പ്രധാനമായും ഇതിലുള്‍പ്പെടുത്തിയിരിക്കുന്നത്.ദേശീയ പാത അതോറിറ്റിയിലെ ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ ഇതിലുള്‍പ്പെടുത്തിയിരിക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ഇതിന് പുറമെ ടോള്‍ പാര്‍ കാം എന്നൊരു പ്രത്യേക പദ്ധതി കൂടി ടോള്‍ പ്ലാസകളില്‍ നടപ്പാക്കും. ഇതിനായി ദേശീയ പാത അതോറിറ്റി പ്രശസ്ത മനോരോഗ വിദഗ്ദ്ധരുടെ സേവനങ്ങളും ലഭ്യമാക്കും. ഇവര്‍ ടോള്‍ പ്ലാസകളിലെ ജീവനക്കാര്‍ ഇടപാടുകരോട് എങ്ങനെ ഇടപെടണമെന്നതിനെക്കുറിച്ചും ദേഷ്യം നിയന്ത്രിക്കുന്നതിനും പരിശീലനം നല്‍കും. ഇതിന്റെ ഭാഗമായി ആദ്യ ഘട്ട പരിശീലനം ഹരിയാനയിലെ മൂര്‍ത്തല്‍ ടോള്‍ പ്ലാസയില്‍ നടന്നു. രാജ്യമെമ്പാടുമുള്ള മറ്റ് ടോള്‍ പ്ലാസകളിലും സമാന പരിശീലനങ്ങള്‍ സംഘടിപ്പിക്കും.
SoP/യിലെ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരമായിരിക്കണം ടോള്‍ പ്ലാസകളിലെ ജീവനക്കാര്‍ തങ്ങളുടെ ചുമതലകള്‍ നിര്‍വഹിക്കേണ്ടത്. പേരുകള്‍ ആലേഖനം ചെയ്ത യൂണിഫോമിലാണ് ടോള്‍ പ്ലാസകളില്‍ തങ്ങളുടെ ജീവനക്കാര്‍ സേവനം അനുഷ്ഠിക്കുന്നത് എന്ന് ഏജന്‍സികള്‍ ഉറപ്പാക്കണമെന്നും ദേശീയ പാത അതോറിറ്റി നിര്‍ദ്ദേശിക്കുന്നു. സംഘര്‍ഷമുണ്ടാകുന്ന സാഹചര്യങ്ങള്‍ ടോള്‍ പ്ലാസ മാനേജര്‍മാരോ സൂപ്പര്‍വൈസര്‍മാരോ ആയിരിക്കണം കൈകാര്യം ചെയ്യേണ്ടത്. ഇവര്‍ ശരീരത്തില്‍ ക്യാമറ ധരിച്ചിരിക്കണമെന്നും സംഭവങ്ങള്‍ തത്സമയം റെക്കോര്‍ഡ് ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. റോഡ് ഉപയോക്താക്കളില്‍ നിന്ന് മോശം പെരുമാറ്റം ഉണ്ടായാലുടന്‍ ടോള്‍ സൂപ്പര്‍ വൈസര്‍ ഇടപെട്ട് പ്രശ്‌നം സമാധാനപരമായി പരിഹരിക്കാന്‍ ശ്രമിക്കണം. ഏത് സാഹചര്യത്തിലായാലും ടോള്‍ പ്ലാസ ജീവനക്കാര്‍ പ്രകോപനപരമായ ഭാഷ ഉപയോഗിക്കരുതെന്നും അക്രമത്തിലേക്ക് കടക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. സംഘര്‍ഷം വഷളാകുകയാണെങ്കില്‍ ജീവനക്കാര്‍ക്ക് പൊലീസ് സഹായം തേടാവുന്നതും പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കാവുന്നതുമാണ്. റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങള്‍ തെളിവായി പൊലീസിന് കൈമാറാം.
റോഡ് ഉപയോക്താവില്‍ നിന്ന് ശാരീരിക ആക്രമണമോ പൊതുമുതല്‍ നശിപ്പിക്കലോ നേരിട്ടാല്‍ ടോള്‍ ശേഖരണ ഏജന്‍സി പൊലീസിനും ദേശീയ പാത പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റിനും മതിയായ തെളിവുകളുമായി പരാതി നല്‍കണം.
ടോള്‍ ശേഖരണം ഏജന്‍സികള്‍ ടോള്‍ പ്ലാസയില്‍ നിയോഗിച്ചുള്ള ജീവനക്കാര്‍ പൊലീസ് വെരിഫിക്കേഷന്‍ നടത്തിയവരാണെന്ന് ഉറപ്പ് വരുത്തണം. ഇതിന് പുറമെ ജീവനക്കാര്‍ റോഡ് ഉപയോക്താക്കളോട് മാന്യമായി ഇടപെടണമെന്ന് ഏജന്‍സികള്‍ നിഷ്‌കര്‍ഷിച്ചിരിക്കണം.
ടോള്‍ ശേഖരണ ഏജന്‍സി എല്ലാ മാസവും സംഭവങ്ങളുടെയും പ്രഥമ വിവര റിപ്പോര്‍ട്ടുകളുടെയും വിവരങ്ങള്‍ അതത് ദേശീയ പാതാ അതോറിറ്റി പ്രോജക്ട് ഇംപ്ലിമേന്റേഷന്‍ യൂണിറ്റിന് സമര്‍പ്പിക്കണം, അധികൃതരില്‍ നിന്ന് നടപടികള്‍ ഉണ്ടാകാത്ത പക്ഷം ദേശീയ പാത ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാകളക്ടറുടെ സഹായം തേടാവുന്നതാണ്. സംസ്ഥാന തല യോഗങ്ങളില്‍ ദേശീയ പാതാ അതോറിറ്റി റീജ്യണല്‍ ഓഫീസുകള്‍ ഇവയുടെ സംക്ഷിപ്ത റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
ടോളുകളുമായി ബന്ധപ്പെട്ട് യാത്രക്കാരും ടോള്‍ പ്ലാസ ജീവനക്കാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ നിത്യ സംഭവമായി മാറിയിരിക്കുകയാണ്. ഇത്തരം സംഘര്‍ഷങ്ങള്‍ കയ്യേറ്റത്തിലേക്ക് വരെ ചെന്നെത്താറുമുണ്ട്. ഇത്തരം സംഭവങ്ങള്‍ കുറയ്ക്കാന്‍ പുതിയ നടപടികളിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ ടോള്‍ പ്ലാസ ഉദ്യോഗസ്ഥരും ദേശീയ പാതാ ഉപയോക്താക്കളും തമ്മിലുള്ള ദൈനംദിന ഇടപെടല്‍ മെച്ചപ്പെടുമെന്നും പ്രതീക്ഷിക്കുന്നു,